തിരുവനന്തപുരം :- അന്ധവിശ്വാസങ്ങളുടെ പേരിൽ നിർഭാഗ്യകരമെന്ന് കരുതി പലരും ഒഴിവാക്കുന്ന 13-ാം നമ്പർ ഔദ്യോഗിക കാർ ചോദിച്ച് വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ മന്ത്രിമാരാരും 13-ാം നമ്പർ കാർ സ്വീകരിക്കാൻ തയ്യാറാകാത്തത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചാവിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് ഈ കാർ മതിയെന്ന് വ്യക്തമാക്കി കെ.എം ഷാജി രംഗത്തെത്തിയത്. സത്യപ്രതിജ്ഞാ സമയത്ത് അദ്ദേഹത്തിന് ഒമ്പതാം നമ്പർ കാറായിരുന്നു അനുവദിച്ചിരുന്നത്. കെ.എം ഷാജി 13-ാം നമ്പർ കാർ ഏറ്റെടുത്തതോടെ, അദ്ദേഹത്തിന് ആദ്യം നൽകിയിരുന്ന ഒമ്പതാം നമ്പർ കാർ ഇനി രമേശ് ചെന്നിത്തല ഉപയോഗിക്കും.
കഴിഞ്ഞ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി.പ്രസാദുമായിരുന്നു 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. വാഹനങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ഔദ്യോഗിക വസതികളുടെ കാര്യത്തിലും സമാനമായ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തെ മൻമോഹൻ ബംഗ്ലാവിനെക്കുറിച്ച് ഇത്തരമൊരു വിശ്വാസമുണ്ട്. ഈ ബംഗ്ലാവിൽ താമസിക്കുന്ന മന്ത്രിമാർ തങ്ങളുടെ കാലാവധി പൂർത്തിയാക്കില്ലെന്ന കാരണത്താൽ പലരും ഈ വസതി സ്വീകരിക്കാൻ വിമുഖത കാണിക്കാറുണ്ട്. എന്നാൽ ഇത്തരം വിശ്വാസങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് മന്ത്രി ഒ.ജെ ജനീഷ് ഇത്തവണ മൻമോഹൻ ബംഗ്ലാവ് സ്വയം ചോദിച്ച് വാങ്ങുകയായിരുന്നു.
