കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കുതിക്കുന്നു ; 2025 ൽ യാത്ര ചെയ്തത് 3.64 കോടി പേർ


കൊച്ചി :- യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ ഉയർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024 ൽ 3,49,24,955 പേരാണ് മെട്രോയിൽ യാത്ര ചെയ്ത‌തെങ്കിൽ, 2025 ൽ ഇത് 3,64,12,974 ആയി ഉയർന്നു. ഒരു വർഷത്തിനിടെ 14,88,019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 1,16,87,186 പേരാണ് കൊച്ചി മെട്രോ ഉപയോഗിച്ചത്.

2026 ലെ യാത്രക്കാരുടെ എണ്ണം

ജനുവരി - 32,72,067

ഫെബ്രുവരി - 26,85,765

മാർച്ച് - 28,12,607

ഏപ്രിൽ - 29,16,747

വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുന്ന ഇലക്ട്രിക് ഫീഡർ ബസുകളും യാത്രക്കാരുടെ വർധനയ്ക്ക് സഹായകമായതായി വിലയിരുത്തുന്നു. മെട്രോ യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിൽ ഈ സംവിധാനങ്ങൾ ഗുണകരമായി. പുതുവത്സരാഘോഷവും ബിനാലെയും ഇത്തവണ യാത്രക്കാരുടെ എണ്ണം ഉയരാൻ കാരണമായതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 

പുതുവത്സരത്തോടനുബന്ധിച്ച് പുലർച്ചെ രണ്ട് മണിവരെ മെട്രോ സർവീസ് നടത്തിയിരുന്നു. ഡിസംബർ 31ന് മാത്രം 1,39,766 പേരാണ് മെട്രോയിൽ യാത്ര ചെയ്‌തത്‌. മെട്രോ, വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയിലെ ആകെ യാത്രക്കാരുടെ എണ്ണം ചേർത്താൽ അത് 1,61,688 ആയി.

വരുമാനത്തിലും റെക്കോഡ്

കഴിഞ്ഞ ഡിസംബർ 31ന് പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ റെക്കോഡ് നേട്ടം സ്വന്തമാക്കി. അന്നത്തെ വരുമാനം 44,67,688 രൂപയായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2017ൽ സർവീസ് ആരംഭിച്ചത് മുതൽ ഇതുവരെ 17.52 കോടിയിലധികം പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത‌ത്.

Previous Post Next Post