കണ്ണൂർ :- യാത്രാ വരുമാനത്തിൽ കുതിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. 2025-26 സാമ്പത്തികവർഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ 300 കോടി ക്ലബിൽ ഇടംപിടിച്ചു. 319.21 കോടി രൂപയാണ് സ്റ്റേഷൻ നേടിയത്. മുൻവർഷം 288.32 കോടി രൂപയായിരുന്നു. എറണാകുളം ജങ്ഷൻ 267.50 കോടി രൂപ നേടി. മുൻ വർഷത്തേക്കാൾ 17.55 കോടി രൂപയുടെ വർധന. കോഴിക്കോട് 28.51 കോടിരൂപ വർധിപ്പിച്ച് 218.63 കോടി രൂപയിലെത്തി. സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ സ്റ്റേഷനാണിത്. ഏഴാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂർ 136.11 കോടിവരുമാനത്തിലൂടെ ആറാംസ്ഥാനത്തേക്ക് കയറി. 100 കോടി ക്ലബിൽ ഇടംപിടിച്ച ആലുവ 10-ാം സ്ഥാനത്തു നിന്ന് ഒൻപതിലേക്ക് കയറിയതായി പത്തനംതിട്ട സ്വദേശി നിഖിൽ എസ്.ആനന്ദിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത്, ഷൊർ ണൂർ ജങ്ഷൻ, കായംകുളം എന്നിവ 50 കോടി ക്ലബിൽ ഇടംപിടിച്ചു. കാസർകോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്. 2024-25 വർഷം ദേശീയപാതയിലെ പ്രവൃത്തിയും മണിക്കൂറുകളുടെ വൈകലും ചെറുദൂര യാത്രക്കാരെ തീവണ്ടിയോടടുപ്പിച്ചപ്പോൾ 2025-26 വർഷം ഗുണം ചെയ്തത് തീവണ്ടികളുടെ സമയകൃത്യതയും സ്റ്റേഷനുകളുടെ വിപുലീകരണവുമാണ്. റിസർവ് യാത്രക്കാരുടെ വരുമാനത്തിനൊപ്പം അൺ റിസർവ്‌ഡ് യാത്രാ വരുമാനവും കൂടി. 2024-25 കണക്കുപ്രകാരം കേരളത്തിലെ രണ്ട് വന്ദേഭാരതുകളുടെ വരുമാനം 163 കോടി രൂപയാണ്.
പയ്യന്നൂർ, ഉത്തരമലബാറിലെ റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ കണ്ണൂർ തന്നെ മുന്നിൽ. 2025-26 സാമ്പത്തികവർഷത്തെ കണക്ക് പ്രകാരം 136.11 കോടി രൂപയാണ് കണ്ണൂരിന്. മുൻവർഷത്തേക്കാൾ 12.37 കോടിരൂപയുടെ വർധന. 2024-25 സാമ്പത്തികവർഷം 123.74 കോടി രൂപയാണ് കണ്ണൂർ നേടിയത്. 2023-24ൽ 121.62 കോടി രൂപ യായിരുന്നു വരുമാനം. വന്ദേഭാരത് വണ്ടികളുടെത് ഉൾപ്പെടെ റെക്കോഡ് വരുമാനത്തിൽ കണ്ണൂർ മികച്ചുനിന്നു. രണ്ടാംസ്ഥാനത്ത് കാസർകോട് തന്നെ. 48.12 കോടി രൂപയാണ് വരുമാനം. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്. 2024-25 സാമ്പത്തികവർഷം കാസർകോട് 49.39 കോടി രൂപ നേടിയിരു ന്നു. അതിനാൽ ഇത്തവണയും 50 കോടി ക്ലബിൽ ഇടംപിടിച്ചില്ല.
തലശ്ശേരി സ്റ്റേഷൻ 45.12 കോടി രൂപയാണ് നേടിയത്. 2024-25 40.32 കോടിയായിരുന്നു. 4.8 കോടി രൂപയുടെ വർധന തലശ്ശേരി നേടി. പയ്യന്നൂർ 2025-26 വർഷം 26.75 കോടി രൂപ നേടി. മുൻവർഷം ഇത് 24.58 കോടിയായിരുന്നു. 2.17 കോടി രൂപയുടെ വർധന. പഴയങ്ങാടി 5.34 കോടി രൂപ നേടി. മുൻ വർഷം ഇത് 4.95 കോടിയായിരുന്നു. കാഞ്ഞങ്ങാടും നീലേശ്വരവും ചെറുവത്തൂരും വർധനയുണ്ടാക്കി. കാഞ്ഞങ്ങാട് 19.92 കോടി രൂപ നേടി. മുൻ വർഷം 18.66 കോടി രൂപയായിരുന്നു. നീലേശ്വരം 77 ലക്ഷം രൂപ വർധിപ്പിച്ച് 8.49 കോടി രൂപയായി. ചെറുവത്തൂരിൽ 4.55 കോടിയുണ്ടായത് 4.98 കോടി രൂപയായി.
