മട്ടന്നൂർ :- ഹജ്ജ് തീർഥാടകർക്ക് സഹായകമായി സുവിധ സ്മാർട്ട് വാച്ച്. കൂട്ടം തെറ്റിയവരെയും വഴിയറിയാതെ ബുദ്ധിമുട്ടുന്ന വരെയും കണ്ടെത്താൻ ഈ സ്മാർട്ട് വാച്ച് ഹജ്ജ് ഇൻസ്പെക്ടർമാരെ സഹായിക്കും. തീർഥാടകർക്ക് നൽകിയിരിക്കുന്ന കവർ നമ്പർ അടങ്ങിയ സ്റ്റീൽ വളയ്ക്ക് പകരമായാണ് സ്മാർട്ട് വാച്ച് നൽകുന്നത്. ഇതിൽ ഐ.ഒ.ടി സിം അടങ്ങിയിട്ടുള്ളതിനാൽ സൗദി അറേബ്യയിലെത്തിയ ശേഷം മൊബൈൽ ഫോണുമായി കണക്ഷൻ ചെയ്തില്ലെങ്കിലും വൈഫൈ ലഭിച്ചില്ലെങ്കിലും സ്മാർട്ട് വാച്ചിന് തടസ്സം കൂടാതെ പ്രവർത്തിക്കാനാകും.
150 തീർഥാടകർക്ക് ഒരു ഹജ്ജ് ഇൻസ്പെക്ടർ എന്ന രീതിയിലാണ് ചുമതല ക്രമീകരിച്ചിരിക്കുന്നത്. വാച്ചിലെ 'സേവ് അവർ സോഴ്‌സ്' (എസ്.ഒ.എസ്) എമർജൻസി സംവിധാനത്തിലൂടെ തീർഥാടകർക്ക് പ്രയാസം നേരിടുന്ന സന്ദർഭങ്ങളിൽ ബന്ധപ്പെട്ടവരെ അറിയിക്കാനാകും. ഇൻസ്പെക്ടർമാരുടെ പേര്, ഫോൺനമ്പർ, ലൊക്കേഷൻ മുതലായ കാര്യങ്ങൾ കാണാനും സാധിക്കും. തീർഥാടകരുടെ ലഗേജുകൾ നഷ്ടപ്പെടുന്ന പ്രശ്നം ഒഴിവാക്കാൻ ലഗേജുകളിൽ ആർ.എഫ്.ഐ.ഡി ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഫോണിലെ ഹജ്ജ് സുവിധ ആപ്ലിക്കേഷനിൽ മൈ ലഗേജ് ലിസ്റ്റ് എന്ന ഓപ്ഷനിൽ സ്കാൻ ചെയ്ത് ബന്ധിപ്പിച്ചാൽ ഹാജിമാരുടെ ലഗേജുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും.
