ന്യൂഡൽഹി :- 10 വർഷത്തിനിടെ രാജ്യത്തെ സർക്കാർ സ്കൂളുകളുടെ എണ്ണത്തിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായി നിതി ആയോഗിന്റെ റിപ്പോർട്ട്. 2014-15ൽ 11.07 ലക്ഷമായിരുന്ന സർക്കാർ സ്‌കൂളുകൾ 10 വർഷത്തിനിപ്പുറം 10.13 ലക്ഷമായി ചുരുങ്ങിയപ്പോൾ, സ്വകാര്യ അൺ എയ്‌ഡഡ് സ്കൂളുകളുടെ എണ്ണം 2.88 ലക്ഷത്തിൽ നിന്ന് 3.39 ലക്ഷമായി വർധിച്ചു. ഇംഗ്ലിഷ് മീഡിയം പഠനത്തോടുള്ള താൽപര്യമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും സ്വകാര്യ മേഖലയിലെ ഈ വളർച്ച വിദ്യാഭ്യാസ ഗുണനിലവാരത്തിൽ പ്രതിഫലിക്കുന്നില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്.
കുറഞ്ഞ ഫീസ് ഈടാക്കുന്ന പല സ്വകാര്യ സ്‌കൂളുകളിലും വിദ്യാർഥികൾക്ക് അടിസ്ഥാന വായനയോ ഗണിതമോ വശമില്ലാത്ത അവസ്‌ഥയാണെന്നും യോഗ്യതയോ പരിശീലനമോ ഇല്ലാത്ത അധ്യാപകരും കുറഞ്ഞ ശമ്പളവും പഠനനിലവാരത്തെ ബാധിക്കുന്നുണ്ടെന്നും നിതി ആയോഗ് നിരീക്ഷിക്കുന്നു. രാജ്യത്തെ 91.9% സ്കൂളുകളിൽ മാത്രമാണ് വൈദ്യുതി കണക്‌ഷനുള്ളതെന്നും മൂന്നിലൊന്ന് സ്കൂളുകളിലും കംപ്യൂട്ടർ സൗകര്യമില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ പട്ടികയിൽ കേരളം (99.5%) മികച്ച നിലവാരം പുലർത്തുന്നുണ്ട്.
