മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി ; നേതാക്കന്മാർക്ക് അനുകൂലമായി പ്രവർത്തകരുടെ പ്രകടനം, ഫ്ലക്സ് ബോർഡുകളും ഉയരുന്നു


തിരുവനന്തപുരം :- കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ ചേരി തിരിഞ്ഞ് പ്രവർത്തകർ ഏറ്റുമുട്ടുന്നത് തുടരുന്നു. സംസ്ഥാനത്താകെ പലയിടങ്ങളിലായി കെസി വേണുഗോപാലിനും വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഇന്നലെ ഇടുക്കിയിലും കണ്ണൂരിലും കോഴിക്കോടും നെട്ടൂരും സതീശന് അനുകൂലമായി പ്രകടനം നടന്നിരുന്നു. കൂടാതെ ഇന്ന് കോട്ടയത്ത് പുതുപ്പള്ളിയിലും ഈരാറ്റുപേട്ടയിലും 1 പ്രകടനം നടത്താനൊരുങ്ങുകയാണ് പ്രവർത്തകർ. അതിനിടെ, കടുത്തുരുത്തിയിൽ വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്തു പെട്രോൾ ഒഴിച്ചു. കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് ആണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് എത്തി പിന്തിരിപ്പിച്ചു.

കുന്നത്തൂർ കുമരൻചിറയിലും കെസി വേണുഗോപാലിനായി ഫ്ലെക്‌സ്‌ ബോർഡ് ഉയർന്നു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ഫ്ലെക്‌സ് ബോർഡ്. അധികാര കസേരയിൽ സാധാരണക്കാരൻ്റെ ശബ്ദം, 1 കുഞ്ഞൂഞ്ഞിന് ശേഷം ഇനി കെ സി എന്ന് വാചകനമുള്ള ഫ്ലെക്‌സുകളാണ് ഉയർന്നിരിക്കുന്നത്. അതിനിടെ സതീശൻ അനുകൂല പ്രകടനങ്ങൾ നടത്തിയവർക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് 3 പേർക്ക് എതിരെയാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് 1. സി.പി. മാത്യു അറിയിച്ചു. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.

മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി സംസ്ഥാനത്ത് ഫ്ലക്‌സ് യുദ്ധം തുടരുന്നു. വി ഡി സതീശനായി തലസ്ഥാനത്ത് ഫ്ലക്സ് ഉയർന്നു. നാച്ചുറൽ ചോയ്‌സ് എന്ന് വിശേഷിപ്പിച്ച് ആണ് ഫ്ലെക്സ്. 'പട നയിച്ചവൻ ഭരിക്കട്ടെ' എന്ന വാചകങ്ങളുമായി എറണാകുളം കാഞ്ഞൂർ ജംഗ്ഷനിലും, പഞ്ചായത്ത് ഓഫീസിനു മുൻപിലും വി ഡി സതീഷിനെ അഭിവാദ്യം അർപ്പിച്ച് ഫ്ലക്‌സ്‌ ബോർഡുകൾ ഉയർന്നു. മലപ്പുറം കോഡൂരിൽ വി ഡി സതീശനായി ഫ്ലെക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് ബോർഡിലെ വരികൾ. പിന്നണിയിൽ പ്രവർത്തിച്ചവർ പിന്നിൽ തന്നെ നിക്കട്ടെ എന്നും ബോർഡിൽ പറയുന്നു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. വിഡി * സതീശന് പിന്തുണയുമായി കോഴിക്കോട് നഗരത്തിലെ വിവിധ ഇടങ്ങളിൽ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്. മാവൂർ റോഡ്, നടക്കാവ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്ലക്സ് ഉയർന്നത്. സതീശനായി തൃശൂർ നഗരത്തിൽ കൂടുതൽ ഫ്ലക്‌സുകൾ ഉയരുകയാണ്. നടുവിലാലിലാണ് ഫ്ലക്സ് ഉയർന്നത്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് ഫ്ലക്‌സിലെ വാചകം. അതേസമയം കെസിയുടെ കെപിസിസി ആസ്ഥാനത്തെ ഫ്ലക്‌സിൽ ഇന്നലെ രാത്രി ആരോ കരിഓയിൽ ഒഴിച്ചു.

Previous Post Next Post