തിരുവനന്തപുരം :- കേരളത്തിൽ മുഖ്യമന്ത്രി ആര് എന്ന ചർച്ച പൊടിപൊടിക്കുന്നതിനിടെ എം.എൽ.എമാർ പിന്തുണ രേഖപ്പെടുത്തിയതിൻ്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപെടെ 47 എം.എൽ.എമാരുടെ പിന്തുണ കെ.സിക്കാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തു വിട്ട ലിസ്റ്റിൽ വ്യക്തമാവുന്നത്. എ.ഐ.സി.സി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസിൻ്റെ 63 എം.എൽ.എമാരിൽ സണ്ണി ജോസഫ് ഉൾപ്പെടെ 47 പേരും കെ.സി വേണുഗോപാലിന്റെ പേര് നിർദേശിച്ചതായും ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തലക്ക് തിരിച്ചടിയായി അദ്ദേഹത്തിന്റെ്റെ വിശ്വസ്‌തനായ ഐ.സി. ബാലകൃഷ്ണൻ വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചു. ചെന്നിത്തലക്ക് എട്ട് എം.എൽ.എമാരുടെയും, ജനകീയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട വി.ഡി. സതീശന് ആറ് പേരുടെയും പിന്തുണയാണ് ലഭിച്ചത്. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് അവകാശവാദം ഉന്നയിച്ചപ്പോൾ വേണുഗോപാൽ യോഗത്തിൽ നിന്ന് വിട്ടുനിന്നുവെന്ന് റിപ്പോർട്ട് വിശദമാക്കുന്നു. എം.പിമാരുമായും മുതിർന്ന നേതാക്കളുമായും അജയ് മാക്കനും മുകുൾ വാസ്നിക്കും വ്യക്തിഗത കൂടിക്കാഴ്ചകൾ നടത്തുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്‌തിരുന്നു. മൂന്ന് മുൻ കെ.പി.സി.സി അധ്യക്ഷന്മാർ സതീശനെ പിന്തുണച്ചപ്പോൾ, ഭൂരിഭാഗം മുതിർന്ന നേതാക്കളും വേണുഗോപാലിനെയാണ് അനുകൂലിച്ചതെന്നാണ് സൂചന.
നിരീക്ഷകർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, മൂന്ന് വർക്കിംഗ് പ്രസിഡൻറുമാർ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാൻഡ് ചർച്ചക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. അതിനിടെ, പുതിയ മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ മല്ലികാർജുൻ ഖർഗെയെ കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ഐകകണ്ഠേന ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്‌ചയോടെ ഹൈക്കമാൻഡ് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
