ജയിൽ തടവുകാർക്ക് ഇനി രുചിയേറിയ മീനുകൾ കിട്ടും ; വിതരണത്തിന് മത്സ്യഫെഡുമായി ധാരണ


കണ്ണൂർ :- ചൂര കഴിച്ച് മടുത്തുവെന്ന തടവുകാരുടെ പരാതിക്ക് പരിഹാരമാകുന്നു. 56 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാൻ ജയിൽ വകുപ്പും മത്സ്യഫെഡും ധാരണയായി. മാസങ്ങളായി ചൂരമീൻ മാത്രമാണ് ജയിലിൽ നൽകുന്നത്. ഇനി മറ്റ് മീനുകളുമെത്തും. ജയിൽ സൊസൈറ്റികൾ ടെൻഡർ വിളിച്ച് പ്രാദേശികമായാണ് ജയിലുകളിലേക്ക് മത്സ്യം വാങ്ങുന്നത്. ഈ മാസം തന്നെ ജയിലുകളിലേക്കുള്ള മീൻ മത്സ്യഫെഡ് വഴിയെത്തും. മീനെത്തിക്കാൻ മത്സ്യഫെഡിനെ മാത്രം ചുമതലപ്പെടുത്തുന്നതിനാൽ അവർ നിശ്ചയിക്കുന്ന വില നൽകേണ്ടിവരും.

2026-27 സാമ്പത്തികവർഷം ജയിലുകളിലേക്ക് ഓരോ ദിവസവും ആവശ്യമായ മത്സ്യത്തിന്റെ അളവ് മത്സ്യഫെഡിനെ അറിയിക്കണമെന്ന് ഹെഡ്ക്വാർട്ടേഴ്സ‌് ഡി.ഐ.ജി ടി.ആർ രാജീവ് ഏപ്രിൽ 22-ന് ജയിൽ സൂപ്രണ്ടുമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഇതിനായി വെബ് പോർട്ടലും തുടങ്ങി.

തടവുകാർക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചയൂണിന് മീൻ കറിയുണ്ട്. ശനിയാഴ്ച മട്ടൻ കറിയും. ഒരു തടവുകാരന് ഉച്ചയ്ക്കും രാത്രിയും 200 ഗ്രാം വീതം അരിയാണ് അനുവദിക്കുന്നത്. ശിക്ഷാ തടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണുള്ളത്. സംസ്ഥാനത്തെ 56 ജയിലുകളിലായി 10,716 തടവുകാരാണ് നിലവിലുള്ളത്. ചില ഘട്ടങ്ങളിൽ മീൻ കിട്ടാറില്ല. മത്സ്യഫെഡിനെ ഏല്പിക്കുന്നതോടെ മീൻ തുറമുഖത്തുനിന്ന് നേരിട്ടെത്തും. വിതരണത്തിനായി മത്സ്യഫെഡ് ശീതീകരണ സൗകര്യമുള്ള വാഹനങ്ങൾ ഉപയോഗിക്കും. മത്തി, അയല, ചൂര എന്നിവയും സുലഭമായി ലഭിക്കു ന്ന മീനുകളും അംഗീകരിച്ചിട്ടുണ്ട്. ഇവ കറിക്കഷണങ്ങളാക്കി ജയിലിലെത്തിക്കും.

രാവിലെ 7 മണിയോടെയാണ് ജയിലുകളിലെ സെല്ലുകൾ തുറക്കുന്നത്. 7.30 -ന് പ്രഭാതഭക്ഷണം. തുടർന്ന് തടവുകാരെ ജോലിക്കിറക്കും. 11.30-ന് തിരിച്ച് സെല്ലിലേക്ക്. 12.30-ന് ഉച്ചയൂൺ. 2.30-ഓടെ വീണ്ടും പണിസ്ഥലത്ത്. 3.30-ന് ചായ. 4.30-ഓടെ പണി കഴിഞ്ഞ് സെല്ലിലേക്ക്. അഞ്ചിന് അത്താഴം വിളമ്പും. ഇതോടെ സെൽ പൂട്ടി സൂപ്രണ്ടി നെ താക്കോൽ ഏല്പിക്കണം. പി ന്നീട് അടുത്തദിവസം മാത്രമാണ് സെൽ തുറക്കുക.

Previous Post Next Post