തൃശൂർ :- കെ.സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പറഞ്ഞു. 'സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവൺമെൻ്റ് മാറിയാൽ ഒഴിയും, ഞാനിപ്പോൾ ഒഴിയാനാണ് വന്നത്' എന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം. മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 മാർച്ചിലാണ് കെ സച്ചിദാനന്ദൻ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. പിണറായി സർക്കാരിനെ നിശിതമായി വിമർശിച്ച സാഹിത്യ അക്കാദമി അധ്യക്ഷനാണ് സച്ചിദാനന്ദൻ. അക്കാദമിക്ക് പുറത്തേക്ക് സാംസ്കാരിക പരിപാടികൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അന്തർ ദേശീയ സാഹിത്യോത്സവും അദ്ദേഹത്തിന്റെ കാലത്ത് നടന്നു.
അധികാരം പാർട്ടിയെ നശിപ്പിക്കും എന്നും തുടർച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നും കമ്യൂണിസ്റ്റ് സഹയാത്രികനായ സച്ചിദാനന്ദൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പിൽ ഉണ്ട്. അവിടെ തുടർച്ചയായി ഭരണം കൈ വന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെട്ടു. അവർക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാർത്ഥരായ ആളുകൾ അധികാരം കൈകാര്യം ചെയ്തു. അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാൾ. തുടർച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുക എന്നാണ് സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയും പ്രതികരണവുമായി സച്ചിദാനന്ദൻ രംഗത്തെത്തിയിരുന്നു. 10 കൊല്ലത്തിനിടയിൽ കേന്ദ്രത്തിൽ അധികാരവും പണവും പി.ആർ വർക്കും മാധ്യമ സ്വാധീനവും വർഗീയ കാർഡുകളും സൈബർ ഗുണ്ടായിസവും അടക്കം പ്രയോഗിച്ചിട്ടും കേരളത്തിൽ എൻഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകൾ കുറയുകയാണുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിന്റെ അർത്ഥം കേരളത്തിലെ മതേതര-മത 4 മൈത്രീ പ്രസ്ഥാനങ്ങൾ നിശ്ശബ്ദമാകണം എന്നല്ല, മറിച്ച് അവരുടെ വോട്ട് ശതമാനം പൂജ്യമാകും വരെ നിരന്തരമായി പ്രവർത്തിക്കണം. ഇല്ലെങ്കിൽ രഹസ്യ ധാരണകളും അട്ടിമറിയും കൊണ്ട് തമിഴ്‌നാടും ബംഗാളും കേരളത്തിലും ആവർത്തിക്കാൻ കേന്ദ്ര ഭരണകക്ഷി ശ്രമിക്കും. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പ്രവർത്തിക്കുന്ന രീതികൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും വേണം. ഇരുകൂട്ടരും സന്ധി ചെയ്തതും കൂറ് മാറിയതുമായ അവസരങ്ങൾ കണ്ണ് തുറന്നിരുന്നവർക്ക് അറിയാമല്ലോയെന്നും അദ്ദേഹം കുറിച്ചു.
