'ജനവിധി പ്രതീക്ഷിക്കാത്ത തിരിച്ചടി, ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച' - ഇ.പി ജയരാജൻ


കണ്ണൂർ :- തങ്ങൾ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കുമെന്നും ലോകത്തിന്റെ ഇന്നത്തെ നാശത്തിന് കാരണം ഇടതുപക്ഷം ദുർബലപ്പെടുന്നതാണെന്നും ജയരാജൻ ഓർമപ്പെടുത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ. അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫിനുണ്ടായത്. കേരളത്തിൽ ഞങ്ങൾക്കെതിരായി ഇത്തരമൊരു വിധി ഉണ്ടാകുമെന്ന് കണക്കാക്കിയില്ല. കേരളത്തിന്റെ എല്ലാ രംഗങ്ങളിലും പുരോഗതിയും അത്ഭുതാഹമായ വളർച്ചയും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടാക്കിയിട്ടുണ്ട്. സാമാന്യഗതിയിൽ അനുകൂല വിധിയാണ് പ്രതീക്ഷിച്ചത്. ഫലം വന്നപ്പോൾ അപ്രതീക്ഷതമായിപ്പോയി. ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. 

ലോകം ഇന്ന് നേരിടുന്ന പ്രശ്‌നം ഇടതുപക്ഷത്തിന്റെ തകർച്ചയാണ്. വലതുപക്ഷ തീവ്രവാദിയാണ് ട്രംപ്. ആ വലതുപക്ഷ മുൻകൈ ആണ് ലോകത്തിൽ നാശംവിതച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷം ദുർബലപ്പെട്ടാൽ ജനങ്ങൾക്ക് വലിയ ദുഃഖം വരുത്തിവെയ്ക്കും. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ചെയ്യാനുള്ളതെല്ലാം ചെയ്യും', ജയരാജൻ പറഞ്ഞു.

സർക്കാരിനെതിരെ എന്തിന്റെ പേരിലാണ് വിരുദ്ധ വികാരം, ഇടതുപക്ഷത്തെ ആക്രമിക്കാൻ വലതുപക്ഷം ശക്തരാണ്. സോഷ്യൽ മീഡിയയും മാധ്യമങ്ങളുമാണ് അവരുടെ രംഗം. വലതുപക്ഷ ശക്തികളുടെ കൈവശമാണ് മാധ്യമശൃംഖല മുഴുവനെന്നും ജയരാജൻ പറഞ്ഞു. ഫ്യൂഡൽ ഭരണകാലത്തെ മാറ്റിമറിച്ച് നാടിന്റെ ജനാധിപത്യവും പൗരാവകാശവും നേടിയെടുക്കാൻ ഇടതുപക്ഷം ത്യാഗോജ്വല പ്രവർത്തനമാണ് നടത്തിയത്. അതിലൂടെയാണ് കേരളം പുരോഗതി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് 102 സീറ്റ് നേടിയിട്ട് ഇന്ന് ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. 102 പേരിൽ ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ അവർക്കാകുന്നില്ല. എവിടെ എത്തിയിരിക്കുകയാണ് യുഡിഎഫും കോൺഗ്രസും. അത്യന്തം തകർച്ചയിലാണ്. ഈ തകർച്ച കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കും. വലതുപക്ഷ ശക്തികൾക്ക് കരുത്തുണ്ടാക്കും. ബിജെപി മൂന്ന് സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്. അതിന്റെ അപകടത്തെ കുറിച്ച് മനസ്സിലാക്കാൻ യുഡിഎഫ് ശ്രമിച്ചില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

Previous Post Next Post