മയ്യിൽ :- മയ്യിൽ വേളം റോഡിലെ മുബാറക് ചിക്കൻ സ്റ്റാൾ, മീൻ വിൽപ്പന കേന്ദ്രം മയ്യിൽ ഗ്രാമപഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. കടയിൽ നിന്നുള്ള മലിനജലം കാരണം സമീപത്തെ കിണറുകൾ മലിനമാകുന്നുവെന്ന പരാതി ലഭിച്ചിരുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയെ തുടർന്നാണ് ലംഘനം കണ്ടെത്തുകയും കടയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്.
സമീപത്തെ കിണർ വെള്ളത്തിലെ ലാബ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ചിക്കൻ കടയിലെ മലിന ജലം കിണറിൽ കലർന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രശ്നം പരിഹരിക്കാൻ ഒരാഴ്ചയോളം കടയുടമയ്ക്ക് സമയം നൽകിയിരുന്നു. തുടർന്നും പരിഹാരം കാണാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച കട അടപ്പിച്ചത്.
