കശ്‌മീരിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു


മലപ്പുറം :- ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യാത്രക്കാരി മരണപ്പെട്ടു. പൊന്നാനി വെളിയങ്കോട് സ്വദേശിനി ബഷീറ ആണ് മരിച്ചത്. കേരളത്തിൽ നിന്നും കുടുംബസമേതം കശ്‌മീരിലേക്ക് കാറിൽ യാത്ര പോകുന്നതിനിടെ ഹരിയാനയിലെ ഫിറോസ്പൂരിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭർത്താവ് അബ്ദുൽ ജലീൽ (49), മക്കളായ ലാസിം അബു ബക്കർ, മുഹമ്മദ് ശാരിഖ് എന്നിവർക്ക് പരിക്കേറ്റു. അബ്ദുൽ ജലീലിന്റെ പരിക്ക് ഗുരുതരമാണ്. ഷാർജയിൽ നിന്ന് ദിവസങ്ങൾക്കുമുമ്പ് എത്തിയ ഭർത്താവിനോടൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര പോയതായിരുന്നു ബഷീറ.

മൂന്ന് ദിവസംമുമ്പാണ് നാട്ടിൽ നിന്ന് പുറപ്പെട്ടത്. കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ട്രക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ മകൻ അബൂബക്കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയി ലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം ടിഎം സിദ്ദീഖിന്റെ പിതാവിന്റെ സഹോദരൻ മകളാണ് മരിച്ച ബഷീറ. പരേതനായ തണ്ണിത്തുറ പുക്കൽ മൊയ്തീൻകുട്ടിയാണ് ബഷീറയുടെ പിതാവ്. ഉമ്മ: നസീസു. ലാസിം സഹോദരങ്ങൾ: മുസ്‌തഫ, നുസ്രത്ത്, ബുഷ്റ, മുംതാസ്.

Previous Post Next Post