കണ്ണൂർ :- അധികാരത്തിൽ നിന്ന് പുറത്തുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച രണ്ടുവരി കുറിപ്പിലാണ് ലിജോ പിണറായി വിജയന് നന്ദി പറഞ്ഞത്. കുറിപ്പിനൊപ്പം പിണറായിയുടെ ചിത്രവും ലിജോ പങ്കുവെച്ചിട്ടുണ്ട്.'നന്ദി സഖാവേ. കേരളത്തിനെ അതിന്റെ ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്', എന്നായിരുന്നു ലിജോയുടെ കുറിപ്പ്. പിണറായിയുടെ ചിരിക്കുന്ന ചിത്രമാണ് ലിജോ കൂടെ പങ്കുവെച്ചിരിക്കുന്നത്. ലിജോയെ പിന്തുണച്ചും എതിർത്തും ഒട്ടേറെ ആരാധകർ കമന്റ് ബോക്സിലെത്തി.
പത്തുവർഷമായി ഭരിച്ച കേരളത്തിൽ കേവലം 35 സീറ്റിലേക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ചുരുങ്ങിയിരുന്നു. 13 മന്ത്രിമാരും എൽഡിഎഫ് കൺവീനറുമുൾപ്പെടെ പരാജയപ്പെട്ടവരിലുണ്ട്. 102 സീറ്റുമായി യുഡിഎഫ് അധികാരം ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഫലം പുറത്തുവന്ന ദിവസം തന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി നൽകിയിരുന്നു. അദ്ദേഹം പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നാണ് ഇനി ആകാംക്ഷ. തെരഞ്ഞെടുപ്പ് വോട്ടുനിലയിൽ ആദ്യ 7 റൗണ്ടുകൾ യുഡിഎഫ് സ്ഥാനാർഥി വി.പി അബ്‌ദുൾ റഷീദിനായിരുന്നു ധർമ്മടത്ത് ലീഡ്. പിന്നീടുള്ള റൗണ്ടുകൾ എണ്ണിയപ്പോഴാണ് പിണറായിക്ക് ഭൂരിപക്ഷം ലഭിച്ചത്.
