പയ്യന്നൂർ :- കനത്ത വേനൽമഴയിൽ വൈദ്യുതി വകുപ്പിന് കനത്ത നാശം. വീശിയടിച്ച കാറ്റിൽ ലൈൻകമ്പി പൊട്ടി വീണും വൈദ്യുതപോസ്റ്റുകൾ തകർന്നും വൻ നഷ്ടം സംഭവിച്ചു. പതിനായിരക്കണക്കിന് ഉപഭോക്താക്കളും കഷ്ടത്തിലായി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ 664 വൈദ്യുതപോസ്റ്റുകൾ തകർന്നു. 1772 ഇടങ്ങളിൽ ലൈൻ പൊട്ടിവീണു. വൈദ്യുതി വിതരണം കൂടുതൽ താറുമാറായത് മലയോരമേഖലയിലാണ്.
പയ്യന്നൂർ മുതൽ ഇരിട്ടി വരെയുള്ള ശ്രീകണ്ഠപുരം സർക്കിളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 614 വൈദ്യുതത്തൂണുകൾ പൊട്ടി. 548 എൽ.ടി പോസ്റ്റുകളും 66 എച്ച്.ടി പോസ്റ്റുകളുമാണ് വീണത്. 1332 ഇടങ്ങളിൽ ലൈൻകമ്പി പൊട്ടിവീണു. 1305 എൽ.ടി ലൈനും 27 എച്ച്.ടി. ലൈനും ഇതിൽപ്പെടും. ഒൻപത് ട്രാൻസ്ഫോർമറുകൾ തകരാറിലാ യി. 1853 ഇടത്ത് ലൈനിന് മുകളിൽ മരം പൊട്ടിവീണു. 296 വൈദ്യുതത്തൂണുകൾ ഒടിഞ്ഞു. 360 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായത്.
കണ്ണൂർ സർക്കിളിന് കീഴിൽ 48 ട്രാൻസ്ഫോർമറുകളെ ബാധിച്ചു. 150 വൈദ്യുതത്തൂണുകൾ പൊട്ടി. 132 എൽ.ടി പോസ്റ്റുകളും 18 എച്ച്.ടി പോസ്റ്റുകളുമാണ് വീണത്. ഇവയിൽ 19 തൂണുകൾ മാറ്റാൻ ബാക്കിയുണ്ട്. 440 ഇടങ്ങളിൽ ലൈൻകമ്പി പൊട്ടിവീണു. 402 എൽ.ടി ലൈനും 38 എച്ച്.ടി ലെനുമാണ് വീണത്. 21,864 ഉപഭോക്താക്കളെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. 109 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായത്.
