KSRTC ബജറ്റ് ടൂറിസം ; സംസ്ഥാനത്തെ ഡിപ്പോകളിൽ രണ്ടുവർഷമായി മുന്നിലുള്ളത് കണ്ണൂർ തന്നെ


കണ്ണൂർ :- KSRTC  ബജറ്റ് ടൂറിസം സർവീസിൽ സംസ്ഥാനത്തെ ഡിപ്പോകളിൽ രണ്ടുവർഷമായി മുന്നിലുള്ളത് കണ്ണൂർ. ഈ മാസം 19 ദിവസം പിന്നിട്ടപ്പോൾ ജില്ലാ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല മുന്നിലെത്തുകയും ചെയ്തു. മേയ് 19 ന് രാത്രി വരെ 42 ലക്ഷം രൂപയാണ് ജില്ലയാകെയുള്ള വരുമാനം. ഈ മാസത്തെ ബാക്കിയുള്ള പാക്കേജുകളിൽ ബുക്കിങ് പൂർത്തിയാകുകയും ചെയ്തു.

കഴിഞ്ഞ മാസം കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തായിരുന്നു. തിരുവനന്തപുരവും എറണാകുളവുമായിരുന്നു ഒന്നും രണ്ടും സ്ഥാനത്ത്. കണ്ണൂരുമായി താരതമ്യപ്പെടുത്തുമ്പോൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ഡിപ്പോകളുണ്ട്. ഇവിടെയുള്ള ഡബിൾ ഡക്കർ സർവീസുകളുടെ വരുമാനവും ബജറ്റ് ടൂറിസം സർവീസിലാണ് ഉൾപ്പെടുത്തുന്നത്. അതിനെയൊക്കെ മറികടന്നാണ് ടൂർ പാക്കേജുകളിലൂടെ മാത്രമായി കണ്ണൂർ മുന്നിലെത്തിയത്. കണ്ണൂരിന് നൽകിയിരിക്കുന്ന പ്രതിമാസ ലക്ഷ്യം 56 ലക്ഷം രൂപയാണ്. 11 ദിവസം ബാക്കിനിൽക്കെ അതിലേക്കെത്താൻ 14 ലക്ഷം രൂപ കൂടി മതി. കണ്ണൂർ ജില്ലയിൽ നിന്ന് കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നാണ് ടൂറിസം സർവീസുള്ളത്.

വാഗമൺ, ഗവി, മൂന്നാർ, കൊല്ലൂർ, ഗോവ എന്നി വിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയും നിലമ്പൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു ദിവസത്തെ യാത്രയും ഗുരുവായൂർ, മൂകാംബിക തീർഥാടനയാത്രയുമാണ് ഏർപ്പെടുത്തിയത്. ഡിസംബറിൽ കണ്ണൂർ ജില്ലക്കായിരുന്നു ഒന്നാംസ്ഥാനം. സാധാരണ സർവീസുകളിലെ വരുമാനത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നത് പലപ്പോഴും ബജറ്റ് ടൂറിസം സർവീസിലൂടെയാണ്. നാലുവർഷമായി 1500 സർവീസുകൾ നടത്തിക്കഴിഞ്ഞു.

കണ്ണൂർ ഡിപ്പോ ബജറ്റ് ടൂറിസം സർവീസിലൂടെ ഈ മാസം 19 ന് രാത്രി വരെ നേടിയത് 23.50 ലക്ഷം രൂപയാണ്. പ്രതിമാസം 30 ലക്ഷം രൂപയാണ് കണ്ണൂർ ഡിപ്പോയ്ക്ക് നൽകിയ ലക്ഷ്യം. ഏപ്രിലിൽ ആകെ 33 ലക്ഷം രൂപയായിരുന്നു വരുമാനം. 30 സീറ്റുകളിലേക്കെങ്കിലും ബുക്കിങ് പൂർത്തിയായാൽ മാത്രമാണ് സർവീസ് നടത്തുക. ജൂൺ, ജൂലായ് മാസങ്ങളിൽ മൺസൂൺ പാക്കേജുകൾ നടപ്പാക്കും. മലക്കപ്പാറ, നെല്ലിയാമ്പതി, വാഗമൺ എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയും വയനാട്, പൈതൽമല, റാണിപുരം, നിലമ്പൂർ എന്നിവിടങ്ങളിലേക്ക് ഏകദിനയാത്രയുമാണ് ആസൂത്രണം ചെയ്യുന്നത്.

Previous Post Next Post