വിമാനയാത്രാ കൂലി കുത്തനെ കൂടിയതോടെ വിദേശ വിനോദസഞ്ചാരമേഖല പ്രതിസന്ധിയിൽ ; അവധിക്കാല പാക്കേജ് കുറഞ്ഞു


ആലപ്പുഴ :- വിമാനയാത്രാ കൂലി കുത്തനെ കൂടിയതോടെ വിദേശ വിനോദസഞ്ചാരമേഖല പ്രതിസന്ധിയിൽ. അവധിക്കാല പാക്കേജ് പലരും വെട്ടിച്ചുരുക്കി. സിങ്കപ്പൂർ, തായ്ലാൻഡ്, മാലദ്വീപ്, മലേഷ്യ, പട്ടായ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള വിമാനക്കൂലിയിൽ വലിയ വർധനയുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ഇന്ധനവില വർധന, ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് യാത്രാക്കൂലി കൂടാൻ കാരണം. അവധിക്കാലത്ത് കേരളത്തിൽ നിന്ന് വിദേശ വിനോദയാത്ര ധാരാളം നടക്കാറുണ്ട്. അതിനു മാസങ്ങൾക്കു മുൻപേ ഏജൻസകൾ ടൂർപാക്കേജ് ബുക്കിങ് തുടങ്ങും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ യാത്രാസംഘങ്ങളെ ദിവസവും കൊണ്ടുപോകുന്ന ഏജൻസികൾ കേരളത്തിലെ മ്പാടുമുണ്ട്. അവരെല്ലാം ഇപ്പോൾ പ്രശ്നത്തിലാണ്.

പാക്കേജിന് വിമാനക്കൂലി ഉൾപ്പെടെ ഉറപ്പിച്ച് നേരത്തേ പണം വാങ്ങുന്നതാണു രീതി. ബാങ്കോക്കിലേക്കു പോയിവരാൻ മുൻപ് ഏകദേശം 24,000 രൂപ മതിയായിരുന്നു. ഇപ്പോഴത് 32,000-36,000 രൂപയായി. അഞ്ചു ദിവസത്തെ പാക്കേജിന് 44,000 രൂപയായിരുന്നത് ഇപ്പോൾ 54,000-60,000 രൂപയായി. ബുക്കു ചെയ്തവരോട് കൂടുതൽ പണം കൊടുത്തു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ് ഏജൻസികൾ. എന്നാൽ, ബുക്കു ചെയ്തവർ മിക്കവരും ഇതംഗീകരിക്കുന്നില്ല. അവർ യാത്രയിൽ നിന്നു പിൻമാറുകയാണ്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

Previous Post Next Post