അത്യാവശ്യമല്ലാത്തതും രാജ്യത്ത് സുലഭമായതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാനൊരുങ്ങി കേന്ദ്രം


കൊച്ചി :- അത്യാവശ്യമല്ലാത്ത സാധനങ്ങളുടെയും രാജ്യത്ത് സുലഭമായി ലഭ്യമാകുന്ന ഉത്പന്നങ്ങളുടെയും ഇറക്കുമതി പുനഃപരിശോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തിൻ്റെ ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനും ആഭ്യന്തര ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുമായാണ് നടപടി. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ അടുത്തയാഴ്ച നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. രൂപയുടെ മൂല്യശോഷണം അടക്കമുള്ള കാര്യങ്ങളും പരിഗണിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യൻ ഓഹരിക്കമ്പോളത്തിൽ നിന്ന് വിദേശനിക്ഷേപങ്ങളുടെ പിൻവാങ്ങൽ തോത് കുതിച്ചുയർന്നിട്ടുണ്ട്. 

ഇന്ത്യയുടെ വ്യാപാരക്കമ്മി മാർച്ചിലെ 2,070 കോടി ഡോളറിൽ നിന്ന് ഏപ്രിലിൽ 2,840 കോടി ഡോളറായി വർധിച്ചിരുന്നു. രാജ്യത്തെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. കയറ്റുമതി വഴിയുള്ള വരുമാനം കുറയുന്നതായും ഇറക്കുമതിയിലൂടെ കൂടുതൽ വിദേശനാണ്യം നഷ്ടമാകുന്നതായുമാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് അനാവശ്യ ഇറക്കുമതി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. അനാവശ്യമായ ഇറക്കുമതികൾ നിയന്ത്രിക്കുന്നതിനായി സർക്കാരിന് ഉയർന്ന നികുതികൾ ചുമത്തുകയോ, പ്രത്യേക നിയ ന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം. പ്രധാനപ്പെട്ട വിതരണശൃംഖലകളെ ബാധിക്കാത്ത രീതിയിലായിരിക്കും നടപടി.

ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ ഇടിവുണ്ടാക്കുന്ന ഏറ്റവും ചെലവേറിയ ഇറക്കുമതി ഇനങ്ങളിൽ ഒന്നാമത് പെട്രോളിയം, ക്രൂഡോയിൽ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയാണ്. 2025-26 സാ മ്പത്തിക വർഷം 17,390 കോടി ഡോളറിൻ്റെ ഇറക്കുമതിയാണ് നടന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങളാണ് രണ്ടാമത് (11,620 കോടി ഡോളർ). സ്വർണം (7,200 കോടി ഡോളർ), യന്ത്രസാമഗ്രികൾ (6,170 കോടി ഡോളർ), ഗതാഗതസാമഗ്രികൾ (3,470 കോടി ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ.

Previous Post Next Post