കാഞ്ഞങ്ങാട് :- രണ്ടു ദിവസമായി നടക്കുന്ന 'ഓപ്പറേഷൻ മൺസൂൺ' പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സ്‌ക്വാഡ് സംസ്ഥാനത്തൊട്ടാകെ ചെറുതും വലുതുമായി പിഴയിട്ടത് 500 ലേറെ ഹോട്ടലുകളിൽ. ആയിരം രൂപ മുതൽ കാൽ ലക്ഷവും അര ലക്ഷവും രൂപ വരെയാണ് പിഴ. ക്ലീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള രണ്ടാമത്തെ സ്ക്വാഡാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റേത്. ആദ്യം ഷിഗെല്ല സ്ക്വാഡായിരുന്നു. വെള്ളത്തിലൂടെ പകരുന്ന ഷിഗെല്ലയടക്കമുള്ള രോഗങ്ങൾ പടരുന്നത് തടയുകയാണ് പരിശോധനയുടെ മുഖ്യലക്ഷ്യം.
സംസ്ഥാനത്ത് 150 ഭക്ഷ്യ സുരക്ഷാ ഓഫീസർമാരാണുള്ളത്. ഓരോ ഓഫീസറുടെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡാണ് രംഗത്തിറങ്ങുന്നത്. ഹോട്ടലുകളിലെ വെള്ളം പരിശോധിക്കുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്യുന്നു. ജ്യൂസ് കടകളിലും ഐസ്ക്രീം സ്ഥാപനങ്ങളിലുമൊക്കെയെത്തി സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയക്കുന്നു. പാചകം ചെയ്യുന്നവർക്കും മറ്റു തൊഴിലാളികൾക്കും പ്രത്യേകം ബോധവത്കരണവുമുണ്ട്.
രണ്ടുദിവസത്തെ പരിശോധനയിൽ ആയിരത്തിലധികം ഹോട്ടലുകളിൽ സ്ക്വാഡംഗങ്ങളെത്തി. ഇതിൽ 90 ശതമാനത്തിലേറെ ഹോട്ടലുകൾക്കും ഇംപ്രൂവ്മെൻ്റ് നോട്ടീസ് നൽകി. ഹോട്ടലുകളിലെത്തിയാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ചില ഹോട്ടലുകളിൽ തീൻ മേശയിൽ വച്ച കുപ്പിവെള്ളം പലതും നിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജ്യൂസ് കടകളിലും ഐസ്ക്രീം പാർലറുകളിലുമെല്ലാം നടത്തിയ പരിശോധനകളിൽ വെള്ളത്തിന്റെ ഗുണനിലവാരക്കുറവ് വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.
