സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ ; ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം


തിരുവനന്തപുരം :- സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയെന്ന് സർക്കാർ സഭയിൽ വച്ച ധവളപത്രത്തിൽ. ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൻ്റെ 35.5 ശതമാനമാണ്. സംസ്ഥാനത്തിൻ്റെ വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നു. ബാക്കി തുക മാത്രമേ വികസന കാര്യങ്ങൾക്കായി ലഭിക്കുന്നുള്ളൂ. കേരളത്തിന്റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെങ്കിലും, ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് പുതിയ സർക്കാരിന് മേൽ വലിയൊരു തുക കുടിശ്ശികയായി നിലനിൽക്കുന്നുണ്ട്. ജീവനക്കാരുടെ ഡി എ ഇനത്തിൽ 21,670 കോടിയും, പെൻഷൻകാരുടെ ഡി. ആർ ഇനത്തിൽ 14,387 കോടിയും കുടിശ്ശികയാണ്.  കരാറുകാരുടെ ബില്ലുകൾ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉൾപ്പെടെ ആകെ 48,733 കോടി രൂപയുടെ കുടിശ്ശിക സംസ്ഥാനത്തിനുണ്ട്. ദൈനംദിന ട്രഷറി ഇടപാടുകൾക്കായി സംസ്ഥാനം റിസർവ് ബാങ്കിൻ്റെ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകളെയും ഓവർഡ്രാഫ്റ്റുകളെയും അമിതമായി ആശ്രയിക്കുന്നു. 2024-25 വർഷത്തിൽ 10 മാസവും ട്രഷറി ബാലൻസ് നെഗറ്റീവ് ആയിരുന്നു.

ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ വായ്‌പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്‌പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിൻ്റെ മേലാകും. കൂടാതെ കിഫ്ബിക്ക് വായ്‌പ എടുക്കാൻ 4. ഗവൺമെന്റ്റിനേക്കാൾ 1 മുതൽ 1.5% വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. 

കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ പ്രാദേശികമായ അസമത്വമുണ്ടെന്നും (ഉദാഹരണത്തിന് കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20% അനുവദിച്ചു) റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നു. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ഈ നഷ്‌ടത്തിൽ ഭൂരിഭാഗത്തിനും കാരണം. ഇവയുടെ സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽ നിന്ന് സബ്‌സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നു.

Previous Post Next Post