പ്ലസ് വൺ ക്ലാസുകൾ ജൂലൈ 6 ന് ആരംഭിക്കും


തിരുവനന്തപുരം :- സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 6 ലേക്ക് മാറ്റി. ഒന്നാംഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ 2 ന് ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു വിജ്ഞ‌ാപനത്തിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി കോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം ക്ലാസുകൾ ആരംഭിക്കാനാണു മാറ്റം വരുത്തിയതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. മുൻപ് മുഖ്യഘട്ടത്തിലെ രണ്ടാം അലോട്മെന്റിന് ഒപ്പമായിരുന്നു കമ്യൂണിറ്റി കോട്ട പ്രവേശനവും നടന്നിരുന്നത്. ഇത്തവണ മൂന്നാം അലോട്മെന്റിനു ശേഷമേ കമ്യൂണിറ്റി കോട്ട പ്രവേശനം ആരംഭിക്കുകയുള്ളൂ. ഇതാണു ക്ലാസ് ആരംഭിക്കുന്നതിലും മാറ്റം വരാൻ കാരണം. ജൂൺ 15 ന് ആണ് മുഖ്യഘട്ടത്തിലെ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.

SSLC, THSLC, AHSLS പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിന്റെയും സൂക്ഷ്മ പരിശോധനയുടെയും ഫലം പ്രഖ്യാപിച്ചു. പരീക്ഷാഭവൻ വെബ്സൈറ്റുകളിൽ പരിശോധിക്കാം. പുതിയ ഫലം പ്ലസ് വൺ പ്രവേശനത്തിന്റെ ഏകജാലക സംവിധാനത്തിലേക്കു കൈമാറി. വിദ്യാർഥികൾ പോർട്ടലിൽ സ്വയം അപ്ഡേറ്റ് ചെയ്യേണ്ടതില്ലെന്നു പരീക്ഷ ഭവൻ സെക്രട്ടറി എസ്.സന്തോഷ് കുമാർ അറിയിച്ചു. ഗ്രേഡിലെ മാറ്റം പരിഗണിക്കുമെന്നതിനാൽ ട്രയൽ അലോട്മെന്റിൽ മാറ്റം വന്നേക്കാം. 2.52 ലക്ഷം പേർ പുനർ മൂല്യനിർണയത്തിനും ആയിരത്തോളം പേർ സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിച്ചു.

Previous Post Next Post