യുദ്ധം തിരിച്ചടിയായി ; രാജ്യത്ത് ക്യാൻസർ മരുന്നുകൾക്ക് ക്ഷാമം


ന്യൂഡൽഹി :- പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു പ്ലാറ്റിനത്തിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തതോടെ രാജ്യത്ത് അർബുദ മരുന്നുകൾക്കു ക്ഷാമം നേരിടുന്നു. കീമോതെറപ്പിക്ക് ഉപയോഗിക്കുന്ന സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ, ഒകാൽപ്ലാറ്റിൻ മരുന്നുകൾ ആശുപത്രികളിലെ മെഡിക്കൽ സ്‌റ്റോറുകളിലടക്കം ലഭ്യമല്ല. തല, കഴുത്ത്, ശ്വാസകോശം, അന്നനാളം, ഗർഭാശയഗളം, അണ്ഡാശയം തുടങ്ങിയ ഭാഗങ്ങളിലെ കീമോതെറപ്പിക്കാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്. ചെലവ് ഉയർന്നതോടെ പ്ലാറ്റിനം ഉപയോഗിച്ചുള്ള മരുന്നുനിർമാണം നിലച്ച സ്ഥിതിയാണ്. വിലനിയന്ത്രണ പട്ടികയിലുൾപ്പെട്ട മരുന്നുകളായതിനാൽ ഉയർന്ന വിലയ്ക്കു വിൽക്കാനുമാകില്ലെന്ന് ഫാർമ കമ്പനികൾ പറയുന്നു. 

കൃത്യമായ സമയക്രമം അനുസരിച്ചുള്ളതാണ് കാൻസർ ചികിത്സ എന്നതിനാൽ കീമോ തെറപ്പിക്കു വിധേയരാകുന്നവരെയാണ് മരുന്നുക്ഷാമം ഏറ്റവുമധികം ബാധിക്കുന്നത്. ചികിത്സ വൈകാനും രോഗം മൂർഛിക്കാനും ഇതു കാരണമാകും. എയ്‌ഡ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പോമാലിഡോമെഡ്, സ്‌തനാർബുദത്തിനടക്കം നിർദേശിക്കുന്ന ട്രാസ്റ്റുസുമാബ് ഗുളികകൾക്കും കേരളത്തിലുൾപ്പെടെ ക്ഷാമമുണ്ട്. മരുന്നുക്ഷാമം പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് കേന്ദ്ര രാസവള മന്ത്രാലയത്തിലെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി പറഞ്ഞു.

Previous Post Next Post