ടിക്കറ്റില്ലാതെ ഇനി ട്രെയിൻ യാത്രവേണ്ട ; ഉയർന്ന പിഴ നൽകേണ്ടി വരും, പരിശോധന കർശനമാകുന്നു


കണ്ണൂർ :- തീവണ്ടികളിലെ ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഇനി വലിയ പിടിവീഴും. ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തി പിഴ ചുമത്താൻ പരിശോധകർക്കും സ്ക്വാഡിനും റെയിൽവേ പുതിയ ടാർജറ്റ് നൽകി. ടിക്കറ്റില്ലാത്തവരിൽ നിന്ന് പിഴയീടാക്കി വരുമാനം കൂട്ടാനാണ് നിർദേശം. പിഴ കിലോമീറ്ററിനനുസരിച്ച് ഈടാക്കും. സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചിൽ (ഡി-റിസർവ്ഡ് കോച്ച് ഒഴികെ) കയറുന്നത് ഉൾപ്പെടെ ടിക്കറ്റില്ലാ യാത്രയുടെ പിഴയിൽപ്പെടും. നിലവിൽ പാലക്കാട് ഡിവിഷനിലെ സ്ലീപ്പർ കോച്ച് നോക്കുന്ന ഒരു ടിക്കറ്റ് പരിശോധകന് ഒരു മാസം 10,000 രൂപയാണ് പിഴത്തുക ടാർജറ്റ്. ഇനി ഒരു ടി.ടി.ഇ മാസം 25,000 രൂപ സമാഹരിക്കണം. 

ഒരു വർഷം 27 കോടി രൂപയാണ് ഏകദേശ ടാർജറ്റ് നിശ്ചയിച്ചിരിക്കുന്നത്. പിഴനിരക്കിലും നേരിയ വർധന വന്നിട്ടുണ്ട്. യാത്രയ്ക്കിടയിൽ സീറ്റ്/ബർത്ത് മാറ്റം വഴി നിലവിൽ പരിശോധകർ നേടിക്കൊടുക്കുന്ന വരുമാനം കൂടാതെ യാണിത്. സ്ക്വാഡ് ടി.ടി.ഇമാരും ഉയർന്ന പിഴത്തുക സമാഹരിക്കണം. കോച്ച് മാറിക്കയറുന്നത് ഉൾപ്പെടെ നിസ്സാരകാര്യങ്ങൾക്കുപോലും ഇനി പിഴയീടാക്കുമെന്നർഥം. ഇത് വണ്ടിക്കകത്ത് യാത്രക്കാരുമായി സംഘർഷമുണ്ടാക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

അണ് റിസർ വ്ഡ്-സീസൺ ടിക്കറ്റിൽ വൻ വർധനയുണ്ടായിട്ടും റെയിൽവേ ഡി റിസർവ്ഡ് കോച്ച് കൂട്ടുന്നില്ല. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സംവരണം അനുവദിക്കുന്ന വണ്ടികളുടെ എണ്ണം കൂട്ടാതെ, ഉള്ള കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. സ്ലീപ്പർ കോച്ച് കുറച്ച് എ.സിയാക്കിയപ്പോൾ മലബാർ എക്സ്‌പ്രസ് ഉൾപ്പെടെ പല വണ്ടികളിലും സംവരണ കോച്ച് നഷ്ടപ്പെട്ടു. പകൽയാത്രയിൽ സ്ലീപ്പർ കോച്ചിലേക്ക് കയറിയാൽ സ്ക്വാഡ് പിടിക്കുകയും പിഴയീടാക്കുകയും ചെയ്യും. ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കി.മീ റൂട്ടിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകാത്തതും മെമു വണ്ടികളില്ലാത്തതും കനത്ത തിരിച്ചടിയാണ്.

Previous Post Next Post