കൊട്ടിയൂരിൽ നാളെ ഇളനീർവെപ്പ്


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തില ഈ വർഷത്തെ ഇളനീർവെപ്പ് നാളെ നടക്കും. പ്രക്കൂഴം മുതൽ വ്രതമെടുത്ത് വിവിധ കഞ്ഞിപ്പുരകളിൽ താമസിച്ച് മുക്കിച്ചെനയും കഞ്ഞിപ്പാർച്ചയും നടത്തി വന്നിരുന്ന തണ്ടയാൻമാർ ഇളനീർ കാവുകളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ട് തുടങ്ങി. നാളെ സന്ധ്യയോടെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ മന്ദംചേരിയിൽ എത്തിച്ചേരുന്ന വ്രതക്കാർ ബാവലിപ്പുഴക്കരയിൽ ഇളനീർവെപ്പിന് രാശി വിളിക്കുന്നതു കാത്തിരിക്കും. 

രാത്രിയാണ് ഇളനീർവെപ്പ് നടക്കുക. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാൻ്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലംയുറപ്പിക്കുന്നതോടെ ഇളനീർവെപ്പ് തുടങ്ങും. എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും സമർപ്പിക്കും. ഇളനീർ ചെത്തുന്നതിനുള്ള കത്തികൾ കത്തി തണ്ടയാൻമാരും സമർപ്പിക്കും. കൊട്ടിയൂരിലെ ആദ്യ ആരാധനാപൂജ ഇന്നലെ തിരുവോണം നാളിൽ നടത്തി. കൂത്തമ്പലത്തിൽ മത്ത വിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിച്ചു. ഭണ്ഡാര അറയ്ക്കു മുന്നിൽ വച്ചുള്ള അലങ്കാര വാദ്യങ്ങളും ആരംഭിച്ചു. ആരാധനാ സദ്യയും സ്വയംഭൂവിൽ പഞ്ചഗവ്യ അഭിഷേകവും നടത്തി. 


Previous Post Next Post