മയ്യിൽ :- നാട്ടുകാരുടെയും യാത്രക്കാരുടെയും വിശപ്പടക്കിയ ആറു പതിറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള പഴയ 'ബൈജു' ഹോട്ടൽ ഓർമ്മയാകുന്നു. തലമുറകൾക്ക് സ്നേഹത്തോടെയും തനത് രുചിയോടെയും ഭക്ഷണം വിളമ്പിയ മയ്യിലെ ഭാസ്കരേട്ടന്റെ ഹോട്ടലാണ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്. കെട്ടിടം കൈമാറുന്നതോടെ ഒരു കാലഘട്ടത്തിന്റെ അടയാളമാണ് ഇതോടെ മാഞ്ഞുപോകുന്നത്.
പതിനഞ്ചാം വയസ്സിൽ ഹോട്ടൽ വ്യാപാരത്തിലേക്ക് കടന്നുവന്നതാണ് ഭാസ്കരേട്ടൻ. അന്നുമുതൽ ഇങ്ങോട്ട് നീണ്ട ആറു പതിറ്റാണ്ടുകാലം ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമായിരുന്നു ഈ ഹോട്ടൽ. നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്ന കാലം മുതൽ, ഒടുവിൽ ഭാസ്കരേട്ടനും ഭാര്യ ജാനകിയും ചേർന്ന് മാത്രം പാചകം ചെയ്യുന്ന കാലം വരെ നീളുന്നതാണ് ഈ ഹോട്ടലിന്റെ ചരിത്രം.
ദീർഘകാലം ഈ രംഗത്ത് നിറഞ്ഞുനിന്ന ഭാസ്കരേട്ടനെയും ഭാര്യ ജാനകിയെയും DYFI കണ്ടക്കൈ മേഖല കമ്മിറ്റി ആദരിച്ചു. ഹോട്ടലിന്റെ പടിയിറക്കം നാട്ടുകാർക്കും ഏറെ വൈകാരികമായ ഒരു നിമിഷമാണ്.


