കൊട്ടാരക്കര :- നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി സ്കൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മണ്ണ് കയറ്റി അമിതവേഗതയിൽ ഇറക്കം ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ലോറിയിലെ മണ്ണ് ബസ് സ്റ്റോപ്പിൽ നിന്നിരുന്നവരുടെ മുകളിലേക്ക് മറിയുകയും, ഇതിനൊപ്പം തകർന്ന മതിലിന്റെയും ബസ് സ്റ്റോപ്പിന്റെയും അവശിഷ്ടങ്ങൾ കൂടി പതിക്കുകയുമായിരുന്നു. മരിച്ചവരിൽ ഒരാളെ നീലേശ്വരം സ്വദേശി ഹരിലാൽ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ മണ്ണ് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്.
