നവീൻ ബാബുവിൻ്റെ മകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം ; റവന്യൂ വകുപ്പ് ഉത്തരവിറക്കി


തിരുവനന്തപുരം :- കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് ജോലി നൽകാൻ സർക്കാർ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം നൽകിയാണ് റവന്യൂ വകുപ്പിൻ്റെ ഉത്തരവ്. ഉത്തരവ് ഇന്നാണ് പുറത്തിറങ്ങിയത്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഭക്ഷ്യ സുരക്ഷാവകുപ്പിൽ ഓഫീസറായിട്ടാണ് നിയമനം നൽകുക. നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നവീൻ 2 ബാബുവിന്റെ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ. ഒക്ടോബർ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ.

കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സസ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Previous Post Next Post