കൊച്ചി :- സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു. മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തിൽ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്‌ചയാണ് അപകടം നടന്നത്. വാഴക്കുളം അഞ്ചാം മൈൽ ജംഗ്ഷന് സമീപത്ത് തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറിയാണ് അനീഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചത്. വീട്ടാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി തൊടുപുഴയിലേക്ക് പോയതായിരുന്നു അനീഷ.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അനീഷ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഭർത്താവ് : മൂസ (റിയാദ്).
മക്കൾ : ഹൈഫു ഫാത്തിമ, ഹാനി മൂസ, ഹാദി മൂസ.
കബറടക്കം ഇന്ന് പേട്ട ജുമാ മസ്‌ജിദ് കബർസ്ഥാനിൽ നടക്കും.
