വള്ളിയോട്ട്:-ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്ന് വള്ളിയോട്ട് ജയകേരള വായനശാല ബാലവേദി പ്രവർത്തകർ. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബാലവേദിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഫോക്‌ലോർ അക്കാദമി ജില്ലാ കോ-ഓർഡിനേറ്റർ നിഖിൽ വി. ക്ലാസ് നയിച്ചു. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനൊപ്പം, സമൂഹത്തിൽ ലഹരിക്കെതിരെ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
തുടർന്ന് നടന്ന പരിപാടിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന ‘ഒപ്പുമരം’ ശ്രദ്ധേയമായി. ലഹരി വിമുക്ത കേരളം എന്ന സന്ദേശമുയർത്തി ബാലവേദി അംഗങ്ങൾ ഒപ്പുമരത്തിൽ ചുണ്ടൊപ്പ് ചാർത്തി ലഹരിക്കെതിരായ തങ്ങളുടെ ഉറച്ച തീരുമാനം പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ റാലിയും പോസ്റ്റർ നിർമ്മാണവും പരിപാടികൾക്ക് കൂടുതൽ കരുത്തേകി.
വായനശാലയിൽ ചേർന്ന സമ്മേളനത്തിൽ സി.കെ. ശോഭന അധ്യക്ഷത വഹിച്ചു. ഇ.പി. രാജൻ, മനോജ് എം. എന്നിവർ സംസാരിച്ചു.
