കണ്ണാടിപ്പറമ്പ്: പുതിയ അധ്യയന വർഷത്തെ വരവേറ്റ് നാറാത്ത് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം പുല്ലൂപ്പി (പുലീപ്പി) ഹിന്ദു എൽ.പി സ്കൂളിൽ ആഘോഷപൂർവ്വം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. റഹ്മത്ത് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് സി. രജിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. സുധീഷ് കുട്ടികൾക്കുള്ള സമ്മാന വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പാളത്ത് ഉഷ, വാർഡ് മെമ്പർ പി. നൗഫൽ, ബി.ആർ.സി കോ ഓർഡിനേറ്റർ രംന രാഘവൻ, മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു, സ്കൂൾ മാനേജർ പി.സി. ദിനേശൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വി. സറീന നന്ദിയും പറഞ്ഞു.
ആകർഷകമായ ചിത്രങ്ങൾ വരച്ച ചേർത്ത ചുറ്റുമതിലും ക്ലാസ്സുമുറികളും അക്ഷരമുറ്റത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഏറെ കൗതുകമുണർത്തി. പുതിയ കൂട്ടുകാർക്ക് കൈ നിറയെ സമ്മാനങ്ങളും നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്. പാൽപ്പായസത്തിൻ്റെ മധുരവും പ്രവേശനോത്സവത്തിൻ്റെ ആഹ്ലാദവും നിറഞ്ഞ അന്തരീക്ഷത്തിലാണ് വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായത്.
