അഹമ്മദാബാദ് വിമാനാപകടം ; പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന, കൃത്യമായ സിമുലേറ്റർ പരിശോധന നടത്തണമെന്ന് ആവശ്യം


ദില്ലി :- അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുൻപ് വലിയൊരു വൈദ്യുത തകരാർ ഉണ്ടായെന്നും ഈ തകരാറുകൾ റിപ്പോർട്ടിൽ മറച്ചുവെച്ചതായും പൈലറ്റുമാർ ആരോപിക്കുന്നു.

കോക്പിറ്റിൽ ഉയർന്ന ഓഡിയോ അലേർട്ടുകളും കൺട്രോൾ മെസ്സേജുകളും കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടാകുമെന്നും, എന്നാൽ പ്രാഥമിക റിപ്പോർട്ടിൽ ഈ മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ബോധപൂർവ്വം ഒഴിവാക്കിയെന്നുമാണ് എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സുരീന്ദർ രൺധാവ ആരോപിക്കുന്നത്. വിമാനത്തിന്റെ വാൽഭാഗത്തിന് പുറമേക്ക് വലിയ . കേടുപാടുകൾ സംഭവിച്ചിരുന്നില്ല. എന്നാൽ വാൽഭാഗത്ത് തന്നെയുള്ള, വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ബ്ലാക്ക് ബോക്സ് കരിഞ്ഞ നിലയിൽ വലിയ കേടുപാടുകൾ സംഭവിച്ചത് എങ്ങനെയെന്ന് സംഘടന ചോദ്യം ചെയ്യുന്നു. ഇത് വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതരമായ വൈദ്യുത തകരാർ കാരണമാണെന്ന് സംശയിക്കുന്നുവെന്നും അവർ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ അന്വേഷണ ഏജൻസി തള്ളിയതിനെത്തുടർന്ന് എഫ്ഐപി മറ്റ് അന്താരാഷ്ട്ര പൈലറ്റുമാരുടെ സഹായത്തോടെ  ബോയിംഗ് 787 സിമുലേറ്ററിൽ 10 പരീക്ഷണങ്ങൾ സ്വന്തമായി നടത്തി. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യുതിയും ഹൈഡ്രോളിക് മർദ്ദവും വീണ്ടെടുക്കാൻ സഹായിക്കുന്ന 'റാം എയർ ടർബൈൻ' പുറത്തേക്ക് വന്ന് പ്രവർത്തിക്കാൻ 18 സെക്കൻഡ് വരെ സമയമെടുക്കുമെന്ന് ഈ പരിശോധനകളിൽ കണ്ടെത്തി. എന്നാൽ എഞ്ചിൻ ഓഫായി വെറും 4 സെക്കൻഡിനുള്ളിൽ ഇത് പ്രവർത്തിച്ചു എന്ന അന്വേഷണ റിപ്പോർട്ടിലെ സമയരേഖ സാങ്കേതികമായി ശരിയല്ലെന്ന് സംഘടന പറയുന്നു.

2009-ൽ അമേരിക്കയിൽ ഹഡ്‌സൺ < നദിയിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ക്യാപ്റ്റൻ സള്ളി സുള്ളൻബെർഗറെ ആദ്യം അന്വേഷണ ഏജൻസികൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് മുപ്പതിലധികം സിമുലേറ്റർ ടെസ്റ്റുകൾ നടത്തിയ ശേഷം പൈലറ്റിന് വിമാനം തിരികെ റൺവേയിൽ എത്തിക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഈ അപകടത്തിൽ പൈലറ്റുമാർ മരിച്ചതിനാൽ അവരെ പ്രതിരോധിക്കാൻ ആരുമില്ലെന്നും, സിമുലേറ്റർ പരിശോധനകൾ നടത്തിയില്ലെങ്കിൽ പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തി അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും ക്യാപ്റ്റൻ രൺധാവ ആശങ്ക പ്രകടിപ്പിച്ചു. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള യാഥാർത്ഥ്യങ്ങൾ കൂടി പരിഗണിച്ച് സമഗ്രമായ സിമുലേറ്റർ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

Previous Post Next Post