യുവതലമുറയ്ക്കായി ബജറ്റിൽ വൻ പ്രഖ്യാപനം ; ജെൻ സി സ്റ്റാർട്ടപ്പുകൾക്ക് 50 കോടി വകയിരുത്തി


തിരുവനന്തപുരം :- കേരളത്തിലെ ജെൻ സി തലമുറയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ജെൻ സികൾക്കുള്ള സ്റ്റാർട്ട് അപ്പിനായി 50 കോടി വകയിരുത്തി. ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാർട്ട് അപ്പുകൾ, ഇന്നോവേഷൻ ഹബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ യുവ തലമുറയുടെ സാങ്കേതിക മികവുകൾ ഇതിലൂടെ ഉറപ്പിക്കാൻ സാധിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ മാറ്റിമറിയ്ക്കുന്നവരാണ് ജെൻ സികളെന്നും ഡിജിറ്റൽ യുഗത്തിൽ ജനിച്ചു വളർന്ന ഇവർക്ക് സാങ്കേതികവിദ്യ പ്രധാനപ്പെട്ടതാണെന്നും ബജറ്റിൽ മുഖ്യമന്ത്രി പറഞ്ഞു. റോബോട്ടിക്സ്, ഡാറ്റാസയൻസ്, ഇൻ്റർനെറ്റ്‌ ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി മുന്നേറ്റങ്ങൾ ഏറ്റവും വേഗത്തിൽ സ്വീകരിക്കുന്നവരും പ്രയോജനപ്പെടുത്തുന്നവരുമാണ് ജെൻ സികളെന്ന് അദ്ദേഹം ബജറ്റിൽ കൂട്ടിച്ചേർത്തു.

Previous Post Next Post