കൊളച്ചേരി : - കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്‌കൂളിൽ ഇത്തവണത്തെ പ്രവേശനോത്സവം പ്രതിഭകളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ശാസ്ത്രജ്ഞനും എഴുത്തുകാരനും കൽക്കത്ത സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്‌സിലെ റിട്ട.പ്രൊഫസറുമായ ഡോ. പി. എം. ജി നമ്പീശൻ , പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ പട്ടുറുമാൽ ഫെയിം കണ്ണൂർ മമ്മാലി എന്നിവർ മുഖ്യാതിഥികളായെത്തിയപ്പോൾ കുരുന്നുകൾക്ക് കൗതുകമായി. ശാസ്ത്രജ്ഞൻ്റെ അളന്നു മുറിച്ച മനോഹരമായ സംസാരം ശ്രദ്ധിച്ചു കേട്ടും പാട്ടുകാരൻ്റെ ആവേശകരമായ പാട്ടുകളിൽ മതിമറന്നാടിയും ആദ്യദിനം കുട്ടികൾ ആർത്തുല്ലസിച്ചു.
ഉദ്ഘാടകനായെത്തിയത് എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനും നാടക രചയിതാവുമായ ശ്രീധരൻ സംഘമിത്ര.പുതിയ കുട്ടികൾക്കെല്ലാം പഠനോപകരണങ്ങളുടെ കിറ്റുമായാണ് അദ്ദേഹം സ്കൂളിലെത്തിയത്. സൗജന്യ സ്‌കൂൾ ബേഗ് വിതരണം വാർഡ് മെമ്പർ സി. പുരുഷോത്തമൻ നിർവഹിച്ചു. അദ്ദേഹവും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. പുതിയ കുട്ടികളെ അവരുടെ പേരെഴുതിയ കിരീടങ്ങൾ അണിയിച്ചു.
കളിമുറ്റം പാർക്കിൽ നിർമ്മിച്ച മെറിഗോ റൗണ്ട് കെ.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കാഴ്ചപ്പുരയിൽ സ്ഥാപിച്ച കഥകളിശില്പം തെയ്യം കലാകാരൻ എം വി കുഞ്ഞിരാമൻ അനാവരണം ചെയ്തു. കെ.രാമകൃഷ്ണൻ മാസ്റ്റർ പാഠപുസ്തക വിതരണം നടത്തി.പി. പി. കുഞ്ഞിരാമൻ അധ്യക്ഷനായി. DYFI മേഖലാ കമ്മറ്റിയുടെ ഉപഹാരം ഷിബിൻ.കെ വിതരണം ചെയ്തു.മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ് , കെ.വി. ശങ്കരൻ, പി.വി ശിവദാസ് ,ബാബു പണ്ണേരി , വി.വി. രേഷ്‌മ ടീച്ചർ, റോഷിന ടി.പി തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ പരിപാടികൾ വിശദീകരിച്ചു. ടി. സുബ്രഹ്മണ്യൻ സ്വാഗതവും കെ. ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.
പുതുതായി പ്രവേശനം നേടിയ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. നേരത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു.





