ഇരിക്കൂർ :- ഇരിക്കൂർ തട്ടുപറമ്പിൽ വിവാഹിതയായ യുവതിയെ സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. തട്ടുപറമ്പ് സ്വദേശിനി മർജാന പർവീൺ ആണ് കഴിഞ്ഞ മെയ് 5 ന് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ മർജാനയ്ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാതിരുന്നതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് വിദേശത്തായിരുന്ന ഭർത്താവ് അഫ്‌നാസ് നാട്ടിലെത്തി.
മരണത്തിന് പിന്നിൽ ബ്ലാക്ക്മെയിലിംഗ് നടന്നിട്ടുണ്ടെന്നും മരണത്തിന് തൊട്ടുമുൻപ് വന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇരിക്കൂർ സ്വദേശിയായ ഒരാൾ മർജാനയെ നിരന്തരം ഫോണിൽ ശല്യം ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. മരണം നടന്ന ദിവസം മാത്രം ഇയാൾ 158 തവണയും, ഒന്നര മാസത്തിനിടെ 965 തവണയും വിളിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവുമായുള്ള കോളുകളുടെ സ്ക്രീൻഷോട്ടുകൾ അയച്ചുകൊടുത്ത് ബ്ലാക്ക്മെയിൽ ചെയ്തതായും ആരോപണമുണ്ട്.
കൂടാതെ മരണം നടന്ന അന്ന് രാത്രി ഈ വ്യക്തിയുടെ നിർദ്ദേശപ്രകാരം ഒരു സ്ത്രീ മർജാനയുടെ വീട്ടിൽ എത്തിയിരുന്നതായും കുടുംബം പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇരിക്കൂർ പോലീസിൽ പരാതി നൽകി. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മർജാനയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും നടപടികൾ വൈകുന്നുവെന്നും കുടുംബം വിമർശിക്കുന്നു. കുടുംബം മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് മർജാനയുടെ ബന്ധുക്കൾ വ്യക്തമാക്കി.
