ദില്ലി :- സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് ഇന്നു പുലർച്ചെയാണ് പ്രവർത്തനക്ഷമമാക്കിയത്. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. ഓൺസ്ക്രീൻ മാർക്കിംഗിന് COEMPT കമ്പനിക്ക് കരാർ നൽകാൻ ടെൻഡർ വ്യവസ്ഥകളിൽ മാറ്റ വരുത്തിയത്തിന്റെ രേഖ പുറത്തുവന്നു. കോഎംപ്റ്റിന് ടെൻഡർ നല്‌കിയതിൽ വിശദ പരിശോധയ്ക്ക് പ്രധാനമന്ത്രി നിർദ്ദേശം നല്കി.
രണ്ടാഴ്ച്ചയോളം വിദ്യാർത്ഥികളെ വലച്ച് ഒടുവിൽ പുനർമൂല്യനിർണ്ണയത്തിനുള്ള സിബിഎസ്ഇ വെബ്സെറ്റ് പ്രവർത്തനം തുടങ്ങി. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ നാലരയോടെയാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകി തുടങ്ങാമെന്ന്ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആദ്യഘട്ടത്തിലുണ്ടായിരുന്നു ചില K പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമാണെന്നും ബോർഡ് അവകാശപ്പെട്ടു.
പോർട്ടൽ പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ വിദഗ്‌ധരുടെ സഹായം ഇന്നലെ സർക്കാർ തേടിയിരുന്നു. അപേക്ഷ എങ്ങനെ നല്‌കാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്ക്ടോപിലോ ലാപ്ടോപിലോ തന്നെ പോർട്ടൽ തുറക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ COEMPT ന് OSM കരാർ നൽകിയതിൽ അഴിമതി ആരോപണം കത്തുകയാണ്. വിഷയത്തിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം സിബിഎസ്ഇയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ടെൻഡറിന്റെ വിശദാംശങ്ങളിൽ കൃത്യമായ പരിശോധന നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിബിഎസ്ഇ നല്കുന്ന റിപ്പോർട്ട് പഠിച്ച ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണോയെന്ന് തീരുമാനിക്കും. COEMPT നായി വഴിവിട്ട നീക്കം ടെൻഡർ നടപടികളിൽ ഉണ്ടായെന്ന് ആരോപണമാണ് ഉയരുന്നത്.
