വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവൽക്കരണത്തെ ചെറുക്കും;KSU കണ്ണൂർ നേതൃ കൺവെൻഷൻ

 


കണ്ണൂർ:-പ്രവർത്തന മാർഗരേഖയുമായി കെ.എസ്‌.യു കണ്ണൂർ ജില്ലാ നേതൃ കൺവെൻഷൻ വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവൽക്കരണത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.കെഎസ്‌യു കണ്ണൂർ ജില്ലാ നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെ.എസ്‌.യു സ്വീകരിക്കുന്ന നിലപാട്,എസ്.എഫ്.ഐ യെപ്പോലെ ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറത്തിനനുസരിച്ച് തരാതരം മാറുന്നതല്ല. രാജ്യത്തെ വർഗീയ ശക്തികളെ തുടച്ചുനീക്കേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന്റെ ആവശ്യകതയാണ്. കഴിഞ്ഞ പത്ത് വർഷക്കാലമായി ഗാഢനിദ്രയിലായിരുന്ന എസ്.എഫ്.ഐ, ഇപ്പോൾ പെട്ടെന്ന് ചാടിയെഴുന്നേറ്റ് എല്ലാത്തിനെയും വിമർശിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ഇരട്ടത്താപ്പാണ്. എസ്.എഫ്.ഐയുടെ ഈ നാടകീയ നിലപാടുകൾ വിദ്യാർത്ഥി സമൂഹം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥ വിദ്യാർത്ഥിപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച്, ആവശ്യമായ ഘട്ടങ്ങളിൽ തിരുത്തൽ ശക്തിയായും ഭരണകൂട വീഴ്ചകൾ ചൂണ്ടിക്കാട്ടിയും യു.ഡി.എഫ് ഭരണത്തിലും കെ.എസ്‌.യു ശക്തമായി മുന്നോട്ടുപോകുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.പുതിയ അധ്യയനവർഷാരംഭത്തോടെ ജില്ലയിലെ സ്കൂളുകളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന മാർഗ്ഗരേഖയ്ക്ക് ജില്ലാ നേതൃ കൺവെൻഷൻ രൂപം നൽകി.

കെ.എസ്‌.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ആകാശ് ഭാസ്കരൻ, ആഷിത്ത് അശോകൻ, രാഗേഷ് ബാലൻ, കാവ്യ ദിവാകരൻ, ഹരികൃഷ്ണൻ പാളാട്,അർജുൻ കോറോം,ഹർഷരാജ് സി കെ,അനഘ കുന്നോൽ,അജ്സാം മയ്യിൽ,അക്ഷയ് മാട്ടൂൽ, മുബാസ് സി എച്ച്,സൂരജ് പരിയാരം, നവനീത് ഷാജി,അർജുൻ ചാലാട് എന്നിവർ സംസാരിച്ചു.

Previous Post Next Post