കൊച്ചി :- ലോകകപ്പ് ഫുട്ബോൾ ആരവമടങ്ങുമ്പോൾ 'ജഴ്സി' വിൽപനയിൽ കപ്പടിച്ച് വ്യാപാരികൾ. കേരളത്തിൽ 10 കോടിയുടെ ജഴ്സി വ്യാപാരമെങ്കിലും നടന്നിട്ടുണ്ടാകുമെന്നാണ് സ്പോർട്സ് ഗുഡ്‌സ് ഡീലേഴ്സ് അസോസിയേഷന്റെ കണക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലയിടത്തും ജഴ്സി ഡേ ആഘോഷിച്ചതും തൂഫാനുമായി ബന്ധപ്പെട്ട ലഹരിവിരുദ്ധ ഫുട്ബോൾ കളികളും ഫുട്ബോൾ ഉൽപന്നങ്ങളുടെ മാർക്കറ്റ് ഉയർത്തിയതായി സംഘടനയുടെ പ്രസിഡന്റ് പി.എ ചെന്താമരാക്ഷൻ ചൂണ്ടിക്കാട്ടി.
ജഴ്സിയിൽ തീപ്പൊരിക്കച്ചവടം നടന്നത് അർജന്റീനയുടേതാണ്. അർജന്റീന ഫൈനലിലെത്തിയ തോടെ പലയിടത്തും അവസാന ദിവസങ്ങളിൽ ജഴ്സി കിട്ടാത്ത അവസ്‌ഥയായി. 3 ജഴ്സികളാണ് അർജന്റീനയ്ക്കുള്ളത്. ഇതിൽ ഹോംജഴ്‌സിക്കും എവേ ജഴ്‌സിക്കുമായിരുന്നു ഡിമാൻഡ്. അർജന്റീന കഴിഞ്ഞാൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പേരുള്ള പോർച്ചുഗൽ ജഴ്സിയാണ് ഏറ്റവുമധികം വിറ്റുപോയത്. പോർച്ചുഗൽ പുറത്തായശേഷവും റൊണാൾഡോയുടെ പേരുള്ള ജഴ്സിക്ക് ഡിമാൻഡ് കൂടി. സ്പെയിൻ ഫൈനലിലെത്തിയതോടെ അവരുടെ ജഴ്സിക്കും നല്ല ഡിമാൻഡായി.
ഗോൾഡൻ ബോൾ നേടിയത് സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയാണെങ്കിലും ലമീൻ യമാലിനായിരുന്നു ആവശ്യമേറെ. എന്നാൽ കേരളത്തിൽ വലിയ ഡിമാൻഡുണ്ടായിരുന്ന ബ്രസീലിന്റെ ജഴ്‌സിക്ക് ഇത്തവണ ആവശ്യക്കാർ കുറഞ്ഞു. ബ്രസീൽ നേരത്തെ പുറത്തായതും മഞ്ഞ ജഴ്സിയുടെ പൊലിമ കുറച്ചു. പോർച്ചുഗലിന് 4 നിറങ്ങളിലുള്ള ജഴ്സിയുണ്ടെങ്കിലും റെഡ് കളറിനായിരുന്നു ഡിമാൻഡ്. ലോകകപ്പിൽ കളിക്കുന്ന അഡിഡാസ് ട്രയോണ്ട ഒറിജനൽ ഫുട്ബോളിന് 13999 രൂപയായിരുന്നു വില. എന്നാൽ ഇതിന്റെ റിപ്ലിക്ക 3000 രൂപയിൽ താഴെ വിലയ്ക്ക് കിട്ടുമെന്നതിനാൽ അതിനും ഡിമാൻഡ് കൂടി. കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് പലരും സമ്മാനം ഫുട്ബോളാക്കിയത് ലോകകപ്പുണ്ടാക്കിയ മാറ്റമായി.
