ഹജ്ജിന് 11,139 പേർക്ക് അവസരം ; ആഗസ്ത് 10 ന് മുൻപ് അഡ്വാൻസ് അടയ്ക്കണം


ന്യൂഡൽഹി :- 2027 ലെ ഹജ് തീർഥാടനത്തിനായി കേരളത്തിൽ നിന്നു സർക്കാർ ക്വോട്ടയിൽ 11,139 പേർക്ക് അവസരം. 13,091 പേർ വെയ്റ്റ് ലിസ്റ്റിലുണ്ട്. 24,230 പേരാണ് അപേക്ഷിച്ചത്. 65 വയസ്സു കഴിഞ്ഞവരുടെ വിഭാഗത്തിൽ 3,234 പേരും മെഹ്റം (ആൺതുണ) ഇല്ലാത്ത 65 വയസ്സു കഴിഞ്ഞ വിഭാഗത്തിൽ 838 പേരും മെഹ്റം ഇല്ലാത്ത 45 വയസ്സു കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തിൽ 2,932 പേരും അപേക്ഷിച്ചിരുന്നു. കഴിഞ്ഞ തവണ അവസരം ലഭിക്കാത്ത 1,171 പേരുമുണ്ടായിരുന്നു. 

ഈ മുൻഗണനാ വിഭാഗങ്ങൾ ഒഴിച്ചാൽ ജനറൽ കോട്ടയിൽ അപേക്ഷിച്ച 2,964 പേർക്കാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ അവസരം. 20 ദിവസം കൊണ്ട് ഹജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങാനുള്ള ഹ്രസ്വ പാക്കേജിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. തിരഞ്ഞെടുക്കപ്പെട്ടവർ ഓഗസ്‌റ്റ് 10 നു മുൻപായി 1,52,300 രൂപ അഡ്വാൻസ് അടയ്ക്കണം. വെബ്സൈറ്റ്/ഹജ് സുവിധ ആപ് വഴിയോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകൾ വഴിയോ അടയ്ക്കാം.

ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് അപേക്ഷകരുടെ എണ്ണത്തിൽ വർധന. എന്നാൽ, കേരളത്തിൽ അപേക്ഷകർ കുറഞ്ഞു. കഴിഞ്ഞ വർഷം 1,94,616 അപേക്ഷകരാണുണ്ടായിരുന്നത്. ഇത്തവണ 1,98,879 ആയി. കേരളത്തിൽ 24,230 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വർഷം 27,118. അതേസമയം, നറുക്കെടുപ്പില്ലാതെ ഹജ് തീർഥാടനത്തിന് അവസരം ലഭിക്കുന്ന മുൻഗണനാ വിഭാഗങ്ങളിലെ അപേക്ഷകരിൽ കേരളമാണു മുന്നിൽ. ഇവർക്കെല്ലാം അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ, 16,055 ജനറൽ അപേക്ഷകരിൽ 13,082 പേരും കാത്തിരിപ്പുപട്ടികയിലാണ്.

Previous Post Next Post