ജനജീവിതം ദുസ്സഹമാക്കി മഹാരാഷ്ട്രയിൽ അതിശക്തമായ മഴ ; 13 പേർക്ക് ജീവൻ നഷ്ടമായി


മുംബൈ :- മഹാരാഷ്ട്രയിൽ ജനജീവിതം ദുസ്സഹമാക്കി അതിശക്തമായ മഴ. കാലവർഷം കടുത്തതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ 13 പേർ മരിച്ചതായി ദുരന്തനിവാരണ വകുപ്പ് മന്ത്രി ഗിരിഷ് മഹാജൻ അറിയിച്ചു. മുംബൈയിൽ പരമാവധി ജീവനക്കാരോട് വർക് ഫ്രം ഹോം എടുക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കനത്ത മഴ റോഡ്, റെയിൽ, വ്യോമ, ഫെറി സർവീസുകളെ ബാധിച്ചു. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ റെയിൽ ഗതാഗതം താറുമാറായി. അതിശക്തമായ മഴയെ തുടർന്ന് 16 ഓളം ട്രെയിനുകൾ റദ്ദാക്കുകയും ഒൻപത് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്‌തു. മുംബൈ പൂനെ എക്സ്പ്രസ്‌വേയും പഴയ പൂനെ മുംബൈ ഹൈവേയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചു.

മുംബൈയിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ 350 മരങ്ങൾ നിലംപതിച്ചു. മുംബൈ, താനെ, റായ്‌ഗഡ്, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മുംബൈയിൽ ഓറഞ്ച് അലർട്ടും പൂനെയിൽ റെഡ് . അലേർട്ടും തുടരുകയാണ്. പൂനെയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. പഠാൻ ഗ്രാമത്തിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്ന് മരണമുണ്ടായത്. വീട്ടിൽ ഉണ്ടായിരുന്ന രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയമുണ്ട്. എൻഡിആർഎഫും പൊലീസ് ചേർന്ന് തെരച്ചിൽ തുടങ്ങി. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭ്യർത്ഥിച്ചു. നിയമസഭയിൽ . സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഴയെ തുടർന്ന് നിയമസഭയുടെ മൺസൂൺ സമ്മേളനം തിങ്കളാഴ്‌ച പിരിഞ്ഞു

Previous Post Next Post