ഹജ്ജ് ; കേരളത്തിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം 14,000 കവിഞ്ഞു


കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേന അടുത്ത ഹജ് തീർഥാടനത്തിനുള്ള അപേക്ഷകരുടെ എണ്ണം കേരളത്തിൽ 14,000 കവിഞ്ഞു. ഈ മാസം 20 വരെയാണ് ഹജ് അപേക്ഷ സ്വീകരിക്കുക. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷ. ലഭിച്ച അപേക്ഷകൾ പരിശോധിച്ച് സംസ്‌ഥാന ഹജ് കമ്മിറ്റിയിൽ നിന്ന് കവർ നമ്പർ അനുവദിച്ചു തുടങ്ങി. വൈകാതെ മുഴുവൻ അപേക്ഷകർക്കും കവർ നമ്പറുകൾ നൽകുമെന്ന് ഹജ് അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് പറഞ്ഞു. കഴിഞ്ഞതവണ അവസരം ലഭിക്കാതെ കാത്തിരിപ്പുപട്ടികയിലുള്ള ആദ്യത്തെ 20% പേർക്ക് ഇത്തവണ മുൻഗണനയുണ്ട്. അവർ വീണ്ടും അപേക്ഷിക്കണം.

അവരിൽ പാസ്പോർട്ടിന്റെ കാലാവധി തീർന്ന് പാസ്പോർട്ട് മാറ്റിയവർ ഉണ്ടെങ്കിൽ അക്കാര്യം അപേക്ഷിക്കുന്നതിനു മുൻപ് ഹജ് കമ്മിറ്റിയെ അറിയിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഇത്തവണ നീട്ടി നൽകില്ലെന്നു കേന്ദ്ര ഹജ് കമ്മിറ്റി നേരത്തേ സൂചിപ്പിച്ചിരുന്നു. മുൻവർഷങ്ങളിൽ ഹജ് അപേക്ഷാ തീയതികൾ നീട്ടിയിരുന്നു. എന്നാൽ, സൗദി അധികൃതർ ഹജ് തീർഥാടകർക്കുള്ള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കുന്നതിനാൽ, കേന്ദ്ര ഹജ് കമ്മിറ്റിക്കും യാത്രാനടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്.

Previous Post Next Post