പ്രകൃതിദുരന്തങ്ങൾക്ക് തടയിടാൻ പുതിയ ചുവടുവെപ്പ് ; സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം കണ്ണൂരിൽ സ്ഥാപിക്കും



കണ്ണൂർ :- സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം കണ്ണൂർ കണിച്ചാർ മാടശ്ശേരി മലയിൽ സ്ഥാപിക്കും. തത്സമയ മഴവിവരവും ഭൂപ്രകൃതി പ്രത്യേകതകളും വിശകലനം ചെയ്ത് മണ്ണിടിച്ചിലിൻ്റെ സാധ്യത പ്രവചിക്കുകയാണ് ലക്ഷ്യം. വയനാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മഴക്കാലത്ത് ആവർത്തിച്ചുണ്ടാകുന്ന മണ്ണിടിച്ചിലുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചെറിയ മണ്ണിടിച്ചിലുണ്ടായ മേഖലയാണ് കണിച്ചാർ. കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള മണ്ണുപരിശോധനയ്ക്കും ഡ്രില്ലിങ്ങിനുമുള്ള ടെൻഡം കേരള ഡിവലപ്മെൻ്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നേരത്തേ ക്ഷണിച്ചിരുന്നു. 2.36 കോടിയാണ് പദ്ധതിച്ചെലവ്. 

വയനാട്ടിലെ കള്ളാടി തുരങ്കപാതാനിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ആവശ്യകത ശക്തമായത്. സംസ്ഥാന ദുരന്തനിവാരണ 'അതോറിറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. റൂർക്കി ഐ.ഐ.ടിയും കൗൺസിൽ ഫോർ സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും സഹകരിക്കും. പശ്ചിമഘട്ട മേഖലയിലെ കാലാവസ്ഥ പ്രവചനം ശക്തമാക്കാനും അതിതീവ്രമഴ മുൻകൂട്ടി അറിയിക്കാനും പദ്ധതി സഹായമാകും.

ഭൂതല സെൻസറുകൾ, ഗ്ലോബൽ നാവിഗേഷൻ ഉപഗ്രഹ സംവിധാനം, കാലാവസ്ഥാ പ്രവചന സംവിധാനം, എ.ഐ സാങ്കേതികത എന്നിവ ഉപയോഗിച്ച് മണ്ണിടിച്ചിൽ സാധ്യത നിരീക്ഷിക്കും. എ.ഐ വഴി മണ്ണിലെ ചലനം കണ്ടെത്തും. മണ്ണിനടിയിൽ ആഴത്തിൽ സ്ഥാപിക്കുന്ന സെൻസറുകൾ ഉപയോഗിച്ച് ഈർപ്പം, സമ്മർദം, ചെറുചലനം എന്നിവ പരിശോധിക്കും. അപകടസാധ്യത കണ്ടെത്തിയാൽ ദുരന്തനിവാരണ ഏജൻസികൾക്കും മൊബൈൽ അലർട്ടുകൾ വഴി പൊതുജനങ്ങൾക്കും വിവരങ്ങൾ കൈമാറും.

Previous Post Next Post