കണ്ണാടിപ്പറമ്പിൽ കള്ളൻ്റെ വിളയാട്ടം ; നാല് കടകളിൽ മോഷണം, നാട്ടുകാർ ഭീതിയിൽ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ മോഷണശല്യം രൂക്ഷമാകുന്നു. നാല് കടകളിലാണ് കള്ളൻ കയറിയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഉടമകൾ മോഷണ വിവരം അറിയുന്നത്. തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകുകയും ചെയ്തു.  കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിലെ തനിമ ബേക്കറിക്ക് പിറകുവശത്തെ കല്ല് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചതെന്നാണ് സംശയം. 

പ്രദേശത്ത് മോഷണപരമ്പരകൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി കണ്ണാടിപ്പറമ്പ് പുല്ലുപ്പി കോട്ടഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലും കവർച്ചാശ്രമം നടന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർക്കാനാണ് മോഷ്ടാവ് ശ്രമിച്ചത്. ​കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന മോഷണങ്ങൾ നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭീതി അകറ്റാൻ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



Previous Post Next Post