ന്യൂഡൽഹി :- ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ബിൽ വെള്ളിയാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുടെ ബില്ലവതരണത്തിന് പ്രതിപക്ഷ ബഹളത്തിനിടെ സഭ അംഗീകാരം നൽകി. ഭേദഗതിപ്രകാരം ദേശീയഗാനത്തെ അപമാനിക്കുന്നതിന് തുല്യമായ കുറ്റമാണ് ദേശീയഗീതത്തെ അപമാനിക്കുന്നതും. മൂന്നുവർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടുമോ ആണ് ശിക്ഷ. ബില്ലവതരണത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം എതിർത്തു.
ബില്ലവതരണത്തിനെതിരേ സി.പി.എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും സി.പി.ഐ രാജ്യസഭാ നേതാവ് പി.സന്തോഷ് കുമാറും നോട്ടീസ് നൽകി. എന്നാൽ, 1950 ജനുവരി 24-ന് നടന്ന ഭരണഘടനാ അസംബ്ലി യോഗത്തിൽ, അധ്യക്ഷൻ ഡോ. രാജേന്ദ്ര പ്രസാദ്, ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന് ദേശീയഗാനത്തിൻ്റെ അതേ പദവി ഉണ്ടായിരിക്കണമെന്ന് പ്രസ്താവിച്ചിരുന്നതായി മന്ത്രി നിത്യാനന്ദ റായ് പ്രതിഷേധത്തിനിടെ പറഞ്ഞു.
ഭരണഘടനാ അസംബ്ലി തന്നെയാണ് ദേശീയഗാനത്തിനു മാത്രം ഭരണഘടനാപദവി നൽകിയതെന്നും പാർലമെന്റിന് ഒരു സാധാരണ നിയമത്തിലൂടെ ഭരണഘടനാ തീരുമാനം മാറ്റിയെഴുതാനാവില്ലെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഡോ. രാജേന്ദ്ര പ്രസാദിന്റെ പ്രസ്താവനയെമാത്രം ആശ്രയിക്കു ന്ന ബിൽ അദ്ദേഹം ആ പ്രസ്താവം നടത്തിയ നിർണായകമായ ഭരണഘടനാ സന്ദർഭത്തെ പൂർണമായും അവഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈ ബിൽ കൊണ്ടുവന്നതെന്ന് വ്യക്തമാണെന്ന് പി.സന്തോഷ് കുമാറും പറഞ്ഞു.
