കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്ക് നാലാംപീടികയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. നാലാംപീടിക മൂസാൻകുട്ടി റോഡിൽ തമ്പടിക്കുന്ന തെരുവ്നായകൂട്ടം ജനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതോടെ ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ്.
പ്രത്യേകിച്ച് രാവിലെയും വൈകുന്നേരങ്ങളിലും മദ്രസകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന കൊച്ചു വിദ്യാർത്ഥികളാണ് വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നത്. കുട്ടികൾക്ക് കൂട്ടമായിട്ടല്ലാതെ റോഡിലൂടെ നടന്നുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. പകൽ സമയങ്ങളിൽ മാത്രമല്ല രാത്രികാലങ്ങളിലും വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങാൻ പറ്റാത്ത വിധം നായ്ക്കൾ അക്രമാസക്തരായി ചുറ്റിക്കറങ്ങുകയാണ്. ഭയം കാരണം പല കുടുംബങ്ങളും വീട്ടുവാതിലുകൾ അടച്ചിട്ടാണ് പകൽ സമയങ്ങളിൽ പോലും കഴിയുന്നത്. വീടിന്റെ ഉമ്മറത്തോ മുറ്റത്തോ ഊരിയിടുന്ന ചെരുപ്പുകളും മറ്റ് സാധനങ്ങളും നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നതും പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയ തെരുവുനായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും, അധികൃതർ ഇടപെട്ട് ഈ കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. കൊളച്ചേരിയുടെ പലഭാഗങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമായ സാഹചര്യമാണുള്ളത്.
