നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ


പാലക്കാട് :- കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് തന്നെ ആപത്താണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതി കുറ്റകൃത്യം  നടത്താൻ ഇനിയും സാധ്യതയുണ്ട്. 

ഗാന്ധിജിയല്ല താൻ എന്ന മനോഭാവം തന്നെ അതിനുദാഹരണമാണ്. അതേ സമയം മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ  ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. കേസിൽ 132 സാക്ഷികളും 30 ശാസ്ത്രീയ തെളിവുകളുമാണുള്ളത്.

6 വർഷം മുമ്പ് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്താണ് കൊന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊല. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചു പോകാൻ കാരണം നീളൻ  മുടിയുള്ളൊരു സ്ത്രീയാണെന്ന് ജ്യോത്സ്യൻ പറഞ്ഞതാണ് അയൽവാസിയായ സജിതയോടും കുടുംബത്തോടും തീർത്താൽ തീരാത്ത പകയായി മാറിയത്. കൊന്നൊടുക്കിയത് മൂന്ന് പേരെ. അനാഥരായത്ത് രണ്ട് പെണ്മക്കൾ. ഇരട്ടക്കൊലക്കേസിൽ നാലുമാസത്തിലേറെ നീണ്ട സാക്ഷി വിസ്താരം പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു.

ആകെ 81 സാക്ഷികൾ. കൊലപാതക സമയത്ത് ചെന്താമരയെ കണ്ടവർ, സുധാകരനെയും കുടുംബത്തെയും ഇല്ലാതാക്കും എന്ന ഭീഷണി കേട്ടവർ, വടിവാൾ വാങ്ങിയ കടക്കാരൻ തുടങ്ങി ഭാര്യ വിലാസിനിയും അയൽവാസിയായ പുഷ്പയും ഉൾപ്പെടെയുള്ളവർ ചെന്താമരയ്ക്ക് എതിരായി മൊഴി നൽകി. ഇതെല്ലാം പ്രതി നിഷേധിച്ചു. തനിക്കെതിരെ മൊഴി നൽകുന്ന ഭാര്യ ഉൾപ്പെടെയുള്ളവരെ ഇല്ലാതാക്കുമെന്ന് ചെന്താമര മുമ്പ് ഭീഷണി ഉയർത്തിയിട്ടുണ്ട്. 2019ൽ സജിതയെ കൊന്ന കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.

Previous Post Next Post