പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം ; തലയ്ക്ക് ഗുരുതര പരിക്ക്


തലശ്ശേരി :- തലശ്ശേരിയിൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. കൊളവല്ലൂർ പി.ആർ.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് തലയ്ക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. സ്കൂൾ കാന്റീനിൽ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ പുറകിലേക്ക് വലിച്ചിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അക്രമത്തിനിരയായ വിദ്യാർത്ഥി പറയുന്നു. 

നാല്പതോളം വരുന്ന വിദ്യാർത്ഥികളുടെ സംഘം ചേർന്ന് കല്ലുകൊണ്ട് കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു. ​ശരീരസൗന്ദര്യം മെച്ചപ്പെടുത്തി നടക്കുന്നു എന്നാരോപിച്ചായിരുന്നു മർദ്ദനമെന്ന് കുട്ടിയുടെ ബന്ധു അബ്ദുള്ള വ്യക്തമാക്കി. ഇതിന്റെ പേരിൽ മുൻപും വിദ്യാർത്ഥിയെ സീനിയർമാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇനി മറ്റൊരു കുട്ടിക്കും ഇത്തരം ഒരു അവസ്ഥ വരരുതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Previous Post Next Post