രാജ്യത്തെ കളിപ്പാട്ട വ്യവസായം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലോക വിപണിയിൽ മുൻനിരയിലെത്തിക്കുന്നതിനുമായി പ്രത്യേക പദ്ധതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. 2032-ഓടെ ആഗോള കളിപ്പാട്ട വിപണിയുടെ 5 ശതമാനം സ്വന്തമാക്കുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തെ ഉൽപ്പാദനം വർധിപ്പിക്കുക, തദ്ദേശീയ മൂല്യവർധനവ് മെച്ചപ്പെടുത്തുക, കയറ്റുമതി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഈ സംരംഭം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി ഒരു കർമസേന രൂപീകരിക്കും.
മാർഗനിർദേശങ്ങളുമായി 'പ്ലേബുക്ക്'
മേഖലയുടെ വളർച്ചയ്ക്കായി കളിപ്പാട്ട നിർമ്മാതാക്കൾക്കും കയറ്റുമതിക്കാർക്കുമായി 'ടോയ് സെക്ടർ പ്ലേബുക്ക്' എന്ന പേരിൽ പ്രായോഗികമായ ഒരു മാർഗരേഖയും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. മികച്ച നിർമ്മാണ രീതികൾ, കയറ്റുമതിക്കുള്ള അവസരങ്ങൾ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ഗുണനിലവാര മാനദണ്ഡങ്ങൾ, നിയമപരമായ വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഈ പ്ലേബുക്കിലുണ്ട്. ഇത് ആഭ്യന്തര-അന്തർദേശീയ വിപണികളിൽ മുന്നേറാൻ വ്യാപാരികളെ സഹായിക്കും. വ്യവസായ മേഖലയുമായി ചർച്ചകൾ നടത്തി കയറ്റുമതിയും തദ്ദേശീയ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കെയിൽ പദ്ധതിക്ക് കീഴിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കുതിച്ചുയർന്ന് കളിപ്പാട്ട വിപണി
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറച്ചും തദ്ദേശീയ ഉൽപ്പാദനം പ്രോത്സാഹിപ്പിച്ചും ഗുണനിലവാരം വർധിപ്പിച്ചും സമീപകാലത്ത് ഇന്ത്യൻ കളിപ്പാട്ട വ്യവസായം വലിയ വളർച്ചയാണ് നേടിയത്. പുതിയ പദ്ധതികളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയെ കളിപ്പാട്ട നിർമ്മാണത്തിലെ ഒരു പ്രധാന ആഗോള കേന്ദ്രമാക്കി മാറ്റാനും കഴിയുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. പുതിയ കർമസേനയും വ്യവസായത്തിന് അനുയോജ്യമായ പ്ലേബുക്കും വരുന്നതോടെ ഇന്ത്യൻ കളിപ്പാട്ട നിർമ്മാതാക്കൾക്ക് ലോകവിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും സർക്കാർ കരുതുന്നു.
