അധ്യാപകരുടെ എണ്ണം കൂടി ; കേരളത്തിൽ ഉൾപ്പടെ വിദ്യാർത്ഥികൾ കുറഞ്ഞെന്നും കണക്കുകൾ


ന്യൂഡൽഹി :- കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുണിഫൈഡ് ഡി സ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസിന്റെ (യുഡിഐഎസ്ഇ പ്ലസ്) 2025-26 വർഷത്തെ റിപ്പോർട്ട്. കേരളത്തിൽ കഴിഞ്ഞ അധ്യയന വർഷം 60.43 ലക്ഷമായിരുന്നു വിദ്യാർഥികൾ. 2024-25 ൽ ഇത് 61.64 ലക്ഷവും അതിനു മുൻപ് 62.82 ലക്ഷവുമായിരുന്നു. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും വിദ്യാർഥികൾ കുറഞ്ഞു.

അധ്യാപക വിദ്യാർഥി അനുപാതത്തിൽ ദേശീയ നിലയേക്കാൾ മുന്നിലാണു കേരളം. ദേശീയ തലത്തിൽ 24 വിദ്യാർഥിക്ക് ഒരധ്യാപകൻ എന്നതാണു സ്‌ഥിതിയെങ്കിൽ കേരളത്തിൽ 21 വിദ്യാർഥികൾക്ക് ഒരധ്യാപകനുണ്ട്. കേരളത്തിൽ 19 അധ്യാപകരാണു ശരാശരി ഒരു സ്കൂളിലുള്ളത്. രാജ്യത്ത് ഇത് 7 ആണ്. രാജ്യത്തെ അധ്യാപകരുടെ എണ്ണം വർധിച്ചു. 2022-23 ൽ 94.83 ലക്ഷമായിരുന്നത് 1.02 കോടിയായി. വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കിലും ഏറ്റവും പിന്നിൽ കേരളമാണ്. പ്രൈമറി തലത്തിൽ കേരളത്തിൽ 0.2 ശതമാനമാണു കൊഴിഞ്ഞു പോക്ക്. ഡൽഹി, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതു പൂജ്യമാണ്. സെക്കൻഡറി തലത്തിൽ കേരളത്തിൽ 4.1 ശതമാനമാണു കൊഴിഞ്ഞു പോക്കെങ്കിൽ യുപിയിൽ 8.4, ഡൽഹിയിൽ 7.1  എന്നിങ്ങനെയാണ്.

Previous Post Next Post