തിരുവനന്തപുരം :- ജവാൻ റം ഉൽപ്പാദനം നിർത്തി വെച്ചത് വിവാദമായ സാഹചര്യത്തിൽ വിപുലമായ അന്വേഷണത്തിന് തീരുമാനം. നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉദ്യോഗസ്ഥർ അടങ്ങിയ സമിതി അന്വേഷിക്കും. നികുതി സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. ഉന്നത തല സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും. പതിവായി ട്രാവൻകൂർ ഷുഗേഴ്സിൽ ജവാൻ ഉൽപ്പാദനം മുടക്കാറുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം 11 മുതൽ ഉത്പാദനം നിർത്തിയപ്പോഴാണ് വിവാദം ആയത്.
തുടർന്ന് നികുതി സെക്രട്ടറി പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രില് ഒന്നു മുതൽ 15 വരെയും നിർമാണം നിർത്തിവെച്ചിരുന്നു. മുൻ വർഷങ്ങളിലും നിർമാണം മുടക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള റമ്മാണ് ജവാൻ. ജവാൻ്റെ ഉൽപ്പാദനം നിർത്തിവെക്കുന്നത് മറ്റ് മദ്യക്കമ്പനികളെ സഹായിക്കാനെന്നാണ് നിഗമനം. ഇതേ തുടർന്നാണ് വിശദമായ അന്വേഷണം നടത്തുന്നത്. മദ്യ നിർമാണത്തിനുള്ള അസംസ്കൃത വസ്‌തുക്കളുടെ പർച്ചേസ് 1 നടപടികളും അന്വേഷണ പരിധിയിലുണ്ട്. പർച്ചേസിലും ഒത്തുകളിയെന്നാണ് നിഗമനം.
