കൊളച്ചേരി:- കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും ജനക്ഷേമകരമായ ഒട്ടേറെ നിയമനിർമ്മാണങ്ങളിലൂടെ ഭരണകൂടം ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് സ്വന്തം പ്രവർത്തനത്തിലൂടെ തെളിയിച്ച പ്രിയനേതാവ് ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കമ്പിൽ എം.എൻ. ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പുഷ്പാർച്ചനയും പ്രാർത്ഥനാ യോഗവും സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ ജീവിതവും പ്രവർത്തനങ്ങളും കോർത്തിണക്കി ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബ്ലോക്ക് ട്രഷറർ പി.കെ. പ്രഭാകരൻ മാസ്റ്റർ, കോൺഗ്രസ് നേതാവ് എ.പി. രാജീവൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
എം.ടി. അനിൽകുമാർ സ്വാഗതവും എം.പി. ചന്ദന നന്ദിയും പറഞ്ഞു. ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ടുമാർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
