മലപ്പുറം :- ഹജ് യാത്രികരുടെ പാസ്പോർട്ട് അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ തീർപ്പാക്കാൻ നടപടിയെടുക്കണമെന്ന് റീജനൽ പാസ്പോർട്ട് ഓഫിസുകൾക്കു കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇതിനായി റീജനൽ ഓഫിസുകളിൽ നോഡൽ ഓഫിസർമാരെ നിയമിക്കണമെന്നും നിർദേശമുണ്ട്. ആവശ്യമെങ്കിൽ പ്രത്യേക കൗണ്ടറുകൾ തുറക്കണം. അടുത്ത വർഷത്തെ ഹജ്‌ജിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 20ന് അവസാനിക്കാനിരിക്കെയാണു നിർദേശം.
സേവാകേന്ദ്രങ്ങളിലെ തിരക്ക് ഹജ് അപേക്ഷകർക്ക് സമയത്തിനു പാസ്പോർട്ട് ലഭിക്കുന്നതിന് തടസ്സമാകുമെന്ന ആശങ്കയുണ്ടെന്നും ഇതു പരിഹരിക്കാൻ നടപടിയെടുക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷത്തെ ഹജ്‌ജിന് അപേക്ഷിക്കാൻ 2027 ഡിസംബർ 31 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ്. സേവനങ്ങൾക്കുള്ള നിരക്ക് കുത്തനെ കൂട്ടിയതിനാൽ, ഇതു പ്രാബല്യത്തിൽ വരുന്നതിനു മുൻപ് പാസ്പോർട്ടെടുക്കാനും പുതുക്കാനും ഒട്ടേറെപ്പേർ അപേക്ഷിച്ചിരുന്നു. ഇതോടെ നടപടി ക്രമങ്ങൾ വൈകിയതാണു ഹജ് തീർഥാടകർക്കുതിരിച്ചടിയായത്.
